boaban

അടിമാലി: ബസുകളുടെ സമയത്തെ ചൊല്ലി നിലനിന്ന തർക്കത്തിനൊടുവിൽ കുത്തേറ്റ് സ്വകാര്യ ബസ് ഉടമ മരിച്ചു. മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവർക്ക് പരിക്കേറ്റു. സ്വകാര്യ ബസ് ഉടമ ബൈസൺവാലി നടുവിലാംകുന്നിൽ ബോബൻ ജോർജ് (ജോപ്പൻ -37) ആണ് മരിച്ചത്. സാരമായ പരിക്കേറ്റ ബസ് ഡ്രൈവർ ഇരുമ്പുപാലം തെക്കേടത്ത് മനീഷ് മോഹനനെ (38) കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10 ന് അടിമാലി ബസ് സ്റ്റാന്റിലാണ് സംഭവം. രണ്ടു വർഷം മുൻപ് സമയത്തെ ചൊല്ലി ഇരുവിഭാഗങ്ങൾ അടിമാലി ബസ്‌സ്റ്റാന്റിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് കത്തിക്കുത്തിൽ ഇരുവർക്കും പരിക്കേറ്റിരുന്നു. ഈ കേസ് കോടതിയിൽ വാദം തുടരുകയാണ്. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം ശാന്തൻപാറയിൽവച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി. അടിമാലി ബസ്‌സ്റ്റാന്റിലെ സ്‌പെയർപാർട്ട്‌സ് കടയുടമ ഇരുവരെയും കടയിലേക്ക് വിളിച്ച് സന്ധി സംഭാഷണം നടത്തി. അവിടെ വച്ചും ഇരുവരും വാക്കേറ്റം നടത്തി. തുടർന്ന് ബസ്‌സ്റ്റാന്റിലേക്ക് ഇറങ്ങി പരസ്പരം പോർവിളി നടത്തുകയും മനീഷ് കൈയിൽ കരുതിയിരുന്ന കത്തി എടുത്ത് ബോബനെ കുത്തിയശേഷം ഇറങ്ങി ഓടുകയുമായിരുന്നു. കുത്തേറ്റ ബോബൻ പിന്നാലെയെത്തി സമീപത്തെ കടയിൽനിന്നു കത്തി കൈക്കലാക്കി മനീഷിന്റെ തോളിൽ കുത്തിയശേഷം കുഴഞ്ഞ് വീണു. പൊലീസും മറ്റ് ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ബോബൻ ജോർജ് മരിച്ചു. സാരമായി പരിക്കേറ്റ മനീഷിനെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിമാലി പൊലീസ് മേൽനടപടി സ്വീകരിച്ചു. റിനിയാണ് ബോബൻ ജോർജിന്റെ ഭാര്യ. മക്കൾ: ജുവൽ,ജുവാന,ജോ.