amala

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഗായകൻ ഭവ്നിന്ദർ സിംഗിനെതിരെ നിയമനടപടിക്ക് നടി അമല പോൾ. കുറച്ചു നാളുകൾക്ക് മുൻപ് ഭവ്നിന്ദർ സിംഗ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് വിവാദമായത്. സമൂഹ മാദ്ധ്യമങ്ങളിൽ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഈ വാർത്ത നിഷേധിക്കാനോ എന്തെങ്കിലും അഭിപ്രായം പറയാനോ നടി തയ്യാറായിരുന്നില്ല. എന്നാൽ താരം പറയുന്നത് തന്റെ അനുമതി ഇല്ലാതെയാണ് ഭവ്നിന്ദർ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതെന്നാണ്. പങ്കുവച്ച് അൽപസമയത്തിനകം ഭവ്നിന്ദർ ചിത്രങ്ങൾ പിൻവലിച്ചിരുന്നു. ഇപ്പോൾ ഭവ്നിന്ദർ സിംഗിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തിരിക്കുകയാണ് അമല. ഭവ്നിന്ദർ സിംഗിനെതിരെ നൽകിയ മാനനഷ്ട കേസിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.