മുക്കം: കാലാവധിയ്ക്ക് ശേഷം പടിയിറങ്ങുമ്പോൾ എക്കാലവും ഓർക്കാൻ ഫലവൃക്ഷതൈകൾ നൽകിയാണ് മുക്കം നഗരസഭ അദ്ധ്യക്ഷനും കൂട്ടരും പടിയിറങ്ങുന്നത്. പട്ടികജാതിക്കാരായ 1400 കുടുംബങ്ങൾക്കാണ് ഡാർക്ക് റഡ് റമ്പൂട്ടാൻ തൈകൾ നൽകുന്നത്. കൂട്ടത്തിൽ മറ്റു വിഭാഗക്കാർക്ക് മല്ലികമാവ്, മാങ്കോസ്റ്റിൻ, ബട്ടർ ഫ്രൂട്ട്, റെഡ് ലേഡി പപ്പായ എന്നിവയുമുണ്ട്. അഞ്ച് വർഷത്തെ ഭരണത്തെ ഓർക്കാനാണ് അഞ്ച് ഇനം ഫലവൃക്ഷങ്ങൾ ഓരോ വീട്ടുവളപ്പിലും വളരട്ടെ എന്ന് ഭരണസമിതി തീരുമാനിച്ചത്. അധികം ഉയരത്തിൽ വളരാതെ നല്ല കായ്ഫലം തരുന്നവയാണ് ഈ തൈകളെല്ലാം.
ഒരു ഡാർക്ക് റെഡ് റമ്പൂട്ടാൻ തൈയ്ക്ക് 400 രൂപ വിലവരും. പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്ന പപ്പായ തദ്ദേശീയമായി ഉത്പാദിപ്പിക്കാവുന്നതും എല്ലാ സീസണിലും കായ് ഫലം തരുന്നതുമെന്ന നിലയിൽ സുഭിക്ഷ പദ്ധതിയിൽ മുന്തിയ പരിഗണന നൽകുന്നു. 5000 പപ്പായ തൈകൾ കൃഷി ഓഫീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കാർഷിക കർമസേനയുടെ പരിചരണത്തിൽ തയ്യാറായിക്കഴിഞ്ഞു.
മാങ്ങ, മാങ്കോസ്റ്റിൻ, റമ്പൂട്ടാൻ, ബട്ടർ ഫ്രൂട്ട് എന്നിവയെല്ലാം പൊതുമാർക്കറ്റിൽ ലഭ്യമാണെങ്കിലും പൊള്ളുന്ന വില കാരണം പലർക്കും വാങ്ങാനാകില്ല. പഴുക്കാനും നിറം കിട്ടാനുമൊക്കെ ചില പൊടിക്കൈകൾ പ്രയോഗിക്കുന്നത് കാരണമുളള പ്രശ്നങ്ങൾ വേറെയും. എന്നാൽ ഇനി ഇവ നമ്മുടെ മക്കളും കഴിച്ചു വളരട്ടെ എന്നാണ് നഗരസഭയുടെ തിരുമാനം. ഗ്രാഫ്റ്റഡ് തൈകളായതു കൊണ്ട് അധികം കാത്തിരിക്കാതെ കായ്ഫലം ലഭിക്കുകയും ചെയ്യും. അങ്ങനെ മുക്കം നഗരസഭയുടെ ഭരണസമിതി ജനങ്ങളോട് യാത്ര പറയുന്നത് മധുരമുള്ള ഓർമ്മകൾ സമ്മാനിച്ചാണ്.