പേരാമ്പ്ര: മീറോട് മലയിലെ ഖനനം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സമര പ്രഖ്യാപന ധർണ്ണ നടത്തി. പഞ്ചായത്ത് ഭരണകൂടവും ഉദ്യോഗസ്ഥരും ഭൂമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോൾ ഖനനം നടക്കാൻ കാരണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എൻ. ഹരിദാസ് പറഞ്ഞു. ഗ്രാമ പഞ്ചായത്തും റവന്യൂ ഡിപ്പാർട്ട്‌മെന്റും ഖനനത്തിന് നൽകിയ അനുമതി റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബൈജു കൊളോറോത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ്, എൻ.കെ. ബാലൻ, ബബിദാസ് എന്നിവർ സംസാരിച്ചു. മീറോട് മലയിലെ ചെങ്കൽ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സെന്റർ നിൽപ് സമരം നടത്തി. ഇതു കാരണം ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളവും ജൈവവൈവിദ്ധ്യ പ്രദേശവും ഇല്ലാതാവുമെന്ന് മുന്നറിയിപ്പ് നൽകി . സമരത്തിന് സുധാകരൻ പുതുക്കുളങ്ങര, എ.ടി. മോഹൻദാസ്, പി.കെ. രാഘവൻ, പറമ്പാട്ട് സുധാകരൻ, സി.എം. ബാബു, വി.ടി. സത്യനാഥൻ, അരുൺകുമാർ വിനോദ്, അനീഷ് എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതിക്ക് കനത്ത നാശം വിതച്ചു കൊണ്ട് നടക്കുന്ന മീറോട് മലയിലെ ചെങ്കൽ ഖനനം ഉടൻ അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ മേപ്പയൂർ സൗത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.