temple

ഇരിട്ടി: വേനൽക്കാലങ്ങളിൽ പഴശ്ശിയിൽ ജലനിരപ്പ് ഉയരുകയും മഴക്കാലത്ത് മലവെള്ളം കുത്തി ഒഴുകുകയും ചെയ്തതോടെ പുഴയോരത്തെ ക്ഷേത്രഭൂമി ഇടിഞ്ഞു തീരുകയാണ്. പഴശ്ശി പദ്ധതി പ്രദേശത്തെ കീഴൂർ മഹാദേവ ക്ഷേത്രമാണ് ഭീഷണി നേരിടുന്നത്. പുഴക്കടവും ഇതോട് ചേർന്ന ക്ഷേത്ര ഭൂമിയും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ക്ഷേത്ര ഭരണസമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ഓരോ വർഷകാലം കഴിയുമ്പോഴും ഭൂമി പുഴയെടുത്ത് ഇടിയുന്നതോടെ കെട്ടിടങ്ങളുടെ ഉറപ്പിനെ ബാധിക്കുന്നുണ്ട്. ഇരിട്ടി പാലത്തിൽ നിന്നും ഏതാനും വാരമാത്രം അകലത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലം നിർമ്മാണത്തിന്റെ ഭാഗമായി പുഴയിൽ കൊണ്ടുതള്ളിയ മണ്ണ് മുഴുവൻ കഴിഞ്ഞ കാലാവർഷങ്ങളിൽ കുത്തിയൊഴുകി വന്ന് പുഴയിൽ അടിയുകയും ഗതിമാറി ഒഴുകിയ പുഴ ഇപ്പോൾ ക്ഷേത്ര ഭൂമിയെ ഇടിച്ചു തീർക്കുകയുമാണ്.

പദ്ധതിയിൽ വെള്ളം താഴ്ന്നു കിടക്കുന്ന സമയത്തുമാത്രമേ ഇത് കെട്ടി ഉയർത്തി സംരക്ഷിക്കാനാവുകയുള്ളു. പദ്ധതിയുടെ ഷട്ടർ ഉയർത്തി വെള്ളം സംഭരിക്കുന്നതിനു മുൻപ് ഇതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. പഴശ്ശി പദ്ധതി നിലവിൽ വന്നത് മുതൽ നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും റിപ്പോർട്ടുകൾ നൽകിയതല്ലാതെ നടപടി ഉണ്ടായിട്ടില്ല. എം.എൽ.എമാർ, എം.പിമാർ, മന്ത്രിമാർ എന്നിവർക്കും നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്.

കർക്കിടക വാവ് ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പുണ്യ നദികൂടിയായി കണക്കാക്കുന്ന ബാവലയിൽ ബലിതർപ്പണത്തിനായി എത്തുന്നത്. ജില്ലയിലെ അറിയപ്പെടുന്ന ഒരു തീർത്ഥാടന കേന്ദ്രം എന്നതുകൂടി കണക്കിലെടുത്ത് അധികൃതർ കരയിടിച്ചിൽ തടയുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ക്ഷേത്ര സമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം. പ്രതാപൻ, കെ.ഇ. നാരായണൻ എം. സുരേഷ് ബാബു, ഇ.ജി. ശശി തുടങ്ങിയവർ പ്രസംഗിച്ചു.