cpm

നീലേശ്വരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ നീലേശ്വരം നഗരസഭയിൽ സ്ഥാനാർത്ഥി മോഹവുമായി നേതാക്കൾ. ഇക്കുറി ചെയർപേഴ്സൺ വനിത സംവരണമായതിനാൽ യു.ഡി.എഫിലാണ് കടിപിടി രൂക്ഷം. ആരെ പരിഗണിക്കണം എന്ന ചിന്തയിൽ യു.ഡി.എഫ് കേന്ദ്രങ്ങൾ ആശയക്കുഴപ്പത്തിലാണ്.

കോൺഗ്രസിന്റെ ഉറച്ച കോട്ടയായ 1,2,3 വാർഡുകളിൽ ഏതിലെങ്കിലും ചെയർപേഴ്സൺ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാമെന്നാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് ആയിരുന്നപ്പോഴും നഗരസഭ ആയ ശേഷവും ചേർന്ന് നാല് തവണയായി നീലേശ്വരം ഇടത് ഭരണത്തിലാണ്. അക്കാഡമിക് രംഗത്തെ പ്രഗത്ഭനാണെങ്കിലും നിലവിലെ നഗരസഭാ ചെയർമാൻ സമ്പൂർണ്ണ പരാജയം രാഷ്ട്രീയ ഭേദമന്യേ നീലേശ്വരത്തുണ്ട്. കാഞ്ഞങ്ങാട് വി.വി. രമേശൻ നടപ്പാക്കിയ വികസനം തിരിച്ചടിയായത് അവിടത്തെ പ്രതിപക്ഷത്തിനല്ല, നീലേശ്വരത്തെ ചെയർമാനാണെന്ന് സി.പി.എം നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു.

ഉണ്ടായിരുന്ന ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കി പുതുതായൊന്ന് പണിയാൻ പോലും സാധിക്കാത്തതും വിമർശനത്തിന് ഇടയാക്കുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമയത്ത് മാത്രമായി ബസ് സ്റ്റാൻഡ് പരിസരത്ത് അലങ്കാര ചെടികൾ സ്ഥാപിച്ചതിനെ പരിഹസിച്ചും ട്രോളുകൾ ഇറങ്ങിയിരുന്നു. രാജാ റോഡ് വികസനവും നീളുന്നത് ഭരണത്തിന് തിരിച്ചടിയായേക്കും. കാഞ്ഞങ്ങാട് നഗരമൊക്കെ വളരുമ്പോൾ നീലേശ്വരം പഴയനിലയിൽ നിന്നും ഏറെ തളർന്നു. ഇതൊക്കെ ഭരിക്കുന്നവരുടെ കാര്യപ്രാപ്തിയ്ക്ക് നേരെ ചോദ്യചിഹ്നം ഉയർത്തുന്നുണ്ട്.

നാലു പ്രാവശ്യം നഗരം ഭരിച്ചിട്ടും ഒരു മാറ്റവും കൊണ്ടുവരാൻ പറ്റാത്ത അവസ്ഥയിൽ ഇക്കുറി ഭരണം പിടിച്ചെടുക്കാമെന്ന വിശ്വാസം യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ട്. പടിഞ്ഞാറ്റം കൊഴുവൽ വാർഡുകളിൽ നിന്ന് ജയിച്ച് വരുന്നവരായിരിക്കും ചെയർപേഴ്സൺ സ്ഥാനാർത്ഥിയാവുക.

വൈസ് ചെയർമാൻ സ്ഥാനാർത്ഥി മോഹവുമായി നടക്കുന്ന സി.പി.എം നേതാക്കളിൽ ചിലർ മേൽ കമ്മിറ്റിയെ തലോടി നടക്കുന്നുണ്ട്. പക്ഷെ, മുൻപ് സ്ഥാനങ്ങൾ വഹിച്ചവരെ പരിഗണിക്കേണ്ടന്നാണ് സി.പി.എമ്മിലെ ചർച്ച. മുൻ ഏരിയ സെക്രട്ടറി കരുവക്കാൽ ദാമോദരൻ, പി.പി. മുഹമ്മദ് റാഫി, കൊട്ടറ വാസുദേവ് എന്നിവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നത്. ഇതിൽ കരുവക്കാൽ ദാമോദരനെ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. പാർട്ടി ഗ്രാമമായ മടിക്കൈ സ്വദേശിയായ ഇദ്ദേഹം സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്ന കാലത്താണ് നീലേശ്വരത്തേക്ക് തട്ടകം മാറ്റിയത്. വി.എസ് പക്ഷ നേതാവ് എന്ന നിലയിൽ പാർട്ടിയ്ക്ക് അകത്തെ ഔദ്യോഗിക പക്ഷത്തിന് ഇദ്ദേഹത്തോട് ചില വിയോജിപ്പുള്ളത് വെല്ലുവിളിയാണ്.