dd

കടയ്ക്കാവൂർ: കടയ്ക്കാവൂരിനെയും അഞ്ചുതെങ്ങിനെയും പൂർണമായും ഒഴിവാക്കികൊണ്ട് കഠിനംകുളം, അകത്തുമുറി ബാക്ക് വാട്ടർ ടൂറിസം പ്രോജക്ട്.

കടയ്ക്കാവൂർ അഞ്ചുതെങ്ങ് പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന ടൂറിസം പദ്ധതിയിൽ നിന്നും മീരാൻ കടവിനെയും കായിക്കരകടവിനെയും പാടേ ഉപേക്ഷിച്ചുകൊണ്ട് നടപ്പാക്കാൻ ശ്രമിക്കുന്നതിൽ കടുത്ത പ്രതിഷേധമാണ് പ്രദേശവാസികൾക്കുള്ളത്.

കടയ്ക്കാവൂർ പഞ്ചായത്തിനും അഞ്ചുതെങ്ങിനും ഏറെ സൗകര്യപ്രദമായ പ്രദേശമാണ് മീരാൻ കടവ്. ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, തൂക്ക്പാലം, മുതലപ്പൊഴി- അഞ്ചുതെങ്ങ് ഹാർബർ, ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ദേവാലയങ്ങൾ, കടയ്ക്കാവൂരിൽ ശ്രീനാരായണ ഗുരുദേവൻ തപസ് അനുഷ്ഠിച്ച ഗുരുവിഹാർ തുടങ്ങിയ പ്രദേശങ്ങളിൽ പോകുന്ന സഞ്ചാരികൾക്ക് മീരാൻ കടവിൽ ബോട്ട് ജെട്ടി വരേണ്ടത് ഏറ്റവും വലിയ അത്യാവശ്യമാണ്.

കായിക്കര കടവിൽ കുമാരനാശാന്റെ നാമേധയത്തിൽ ബോട്ട് ജെട്ടി വേണമെന്നുള്ളതാണ് പ്രദേശവാസികളുടെ ആവശ്യം. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആശാൻ സ്മാരകം, ആശാൻ പഠിപ്പിച്ച എൽ.പി സ്കൂൾ, പൈതൃക വൃക്ഷമായി സർക്കാർ തിരഞ്ഞെടുത്തതും ആശാനേറെ പ്രിയപ്പെട്ടതുമായ ചെമ്പകതറ, ശ്രീനാരായണഗുരുദേവൻ തറക്കല്ലിട്ടതും ഗുരുദേവന്റെ നാമധേയത്തിലുള്ളതുമായ ചിറയിൻകീഴ് താലൂക്കിലെ രണ്ടാമത്തെ ഹൈസ്കൂൾ, കായിക്കര കടവിനോട് ചേർന്നുള്ള ധീരദേശാഭിമാനി വക്കം ഖാദറിന്റെ സ്മൃതി മണ്ഡപം തുടങ്ങിയവ കാണാനെത്തുന്നവർക്കും ആശാനെ പറ്റി പഠിക്കാനെത്തുന്ന ഗവേഷണ വിദ്യാർത്ഥികൾക്കും ഏറെ സൗകര്യ പ്രദമാകും ഇവിടെ ബോട്ട് ജെട്ടി വന്നാൽ.

ഇത്രയും പ്രധാന്യമുള്ള പ്രദേശങ്ങളെ അവഗണിച്ചു കൊണ്ടാണ് സർക്കാർ ബാക്ക് വാട്ടർ ടൂറിസം പദ്ധതി നടപ്പിലാക്കാൻ പോകുന്നത് എന്നാണ് ആക്ഷേപം.