തിരുവനന്തപുരം: കെഎസ്ആർടിസിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി സർക്കാർ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ച് പുതിയതായി നൂറ് ബസുകൾ വാങ്ങുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. 10.40 കോടി രൂപ ചിലവിൽ 8 സ്ലീപ്പർ എ.സി ബസുകൾ,10.80 കോടി രൂപ മുടക്കി 20 പ്രീമിയം എ.സി സീറ്റർ ബസുകൾ, 28.80 കോടി രൂപ മുടക്കി 72 കൺവെൻഷണൽ എയർ സസ്‌പെൻഷൻ ബസുകൾ എന്നിവയാണ് വാങ്ങുക. സ്ലീപ്പർ ബസുകൾ അന്തർ സംസ്ഥാന സർവീസുകൾക്ക് ഉപയോഗിക്കും. ഇപ്പോൾ വാങ്ങുന്ന എട്ടെണ്ണം ലാഭം ഉണ്ടാക്കുമെങ്കിൽ വീണ്ടും സ്ലീപ്പർ ബസുകൾ വാങ്ങും. ഇതിന് മുമ്പ് കിഫ്ബി വഴി 310 സി.എൻ.ജി ബസുകളും, 50 ഇലക്ട്രിക് ബസുകളും വാങ്ങാനും, ഇതിന് പുറമെ 400 ബസുകൾ എൽ.എൻ.ജി യിലേക്ക് മാറ്റുവാനും തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ 460 ബസുകളാണ് ഈ വർഷം പുതിയതായി വാങ്ങുന്നത്.