covid

നിലവിലെ സാഹചര്യത്തിൽ ഒരാൾ എപ്പോൾ വേണമെങ്കിലും കൊവിഡ് ടെസ്റ്റിന് വിധേയനാകാം. കൊവിഡ് 19 രോഗലക്ഷണങ്ങളുമായി സാമ്യമുള്ള ആരോഗ്യപ്രശ്നമുള്ളവർ, കൊവിഡ് പോസിറ്റീവായവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ളവർ, ദീർഘദൂര യാത്രകൾ ചെയ്യേണ്ടി വരുന്നവർ, മറ്റുള്ളവർക്ക് സുരക്ഷിതമായ സഹകരണം ഉറപ്പാക്കാൻ ഉദ്ദേശിക്കുന്നവർ, മറ്റു ചികിത്സകൾക്കായി ആശുപത്രിയെ സമീപിക്കുന്നവർ തുടങ്ങിയവരെല്ലാം കൊവിഡ് ടെസ്റ്റിന് വിധേയരാകേണ്ടി വരും.

കൊവിഡ് പോസിറ്റീവ് ആകുന്നവർ അവരുടെ പ്രായം, നിലവിലെ ആരോഗ്യസ്ഥിതി, മറ്റ് അസുഖങ്ങൾ കാരണമുള്ള ബുദ്ധിമുട്ടുകൾ, എത്രനാളായിട്ട് എന്തൊക്കെ അസുഖങ്ങൾ ഉള്ളവരാണ്, ഭൗതികസാഹചര്യങ്ങൾ, സഹായിക്കാൻ ആരൊക്കെയുണ്ട്, കൂടെ താമസിക്കുന്നവരുടെ ആരോഗ്യാവസ്ഥ, വിദഗ്ദ്ധ ചികിത്സ ആവശ്യമായി വന്നാൽ ആശുപത്രിയിൽ എത്താനുള്ള സൗകര്യം, ആരോഗ്യ പ്രവർത്തകരുടെ സേവനം തുടങ്ങിയ കാര്യങ്ങൾ കൂടി വിശകലനം ചെയ്യേണ്ടതുണ്ട്.

അതിനുശേഷംവേണം വീട്, കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം, ആശുപത്രി ഇവയിൽ എവിടെ താമസിക്കണമെന്ന് തീരുമാനിക്കാൻ. ഇക്കാര്യത്തിൽ പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം കൂടി പരിഗണിക്കേണ്ടതുണ്ട്.

കോവിഡ് ബാധിതനായ ഒരാൾ ഒരാഴ്ച മുതൽ പത്തു ദിവസം വരെ നിരീക്ഷണത്തിൽ കഴിയേണ്ടിവരും. ഇവരിൽ യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാത്തവർ മുതൽ ജലദോഷം, തൊണ്ടവേദന, പനി, രുചിയും മണവും അറിയായ്ക, ചുമ,കിതപ്പ്, ശ്വാസംമുട്ട്, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങളുള്ളവരും ഉണ്ടാകും. ലക്ഷണങ്ങൾ അനുസരിച്ചുള്ള ഭക്ഷണവും വിശ്രമവും ചികിത്സയുമാണ് ഇവർക്ക് വേണ്ടത്. ദഹനത്തെ സഹായിക്കുന്നവ ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. എളുപ്പം ദഹിക്കുന്ന, അല്ലെങ്കിൽ ദഹനത്തിനനുസരിച്ച ഭക്ഷണവും ആവശ്യത്തിന് വിശ്രമവും ശരിയായ ഉറക്കവും മനസ്സമാധാനവും നിലവിലെ ലക്ഷണമനുസരിച്ചുള്ള ചികിത്സയും അനിവാര്യമാണ്. ആവശ്യത്തിന് വെള്ളം ഇടയ്ക്കിടെ കുടിക്കുകയും പഴവർഗ്ഗങ്ങൾ കൂടി ഉൾപ്പെടുത്തുകയും വേണം.

പാൽ,തൈര്, തണുത്ത ആഹാരം തുടങ്ങിയവ പൊതുവെ ശ്വാസകോശരോഗങ്ങൾ വർദ്ധിപ്പിക്കുന്നതും ഇഞ്ചി, ചുക്ക്, ജീരകം, മഞ്ഞൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്നവ ഇത്തരം രോഗങ്ങളെ കുറയ്ക്കുന്നവയുമാണ്. ഒരു ലക്ഷണവുമില്ലാത്തവർക്ക് ശീലിച്ചിട്ടുള്ള ഭക്ഷണം തുടരാവുന്നതാണ്. എന്നാൽ, ഏതെങ്കിലും ഭക്ഷണം കഴിക്കുന്നത് ഏതെങ്കിലുമൊരു ലക്ഷണത്തെ ഉണ്ടാക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും കാരണമാകാതിരിക്കാൻ ശ്രദ്ധിക്കണം.

ഗുരുതരമായ കരൾ, ഹൃദയം, വൃക്ക, ശ്വാസകോശ രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ലഘുവായ വ്യായാമവും, യോഗയും, ധ്യാനവും, മാനസിക ഉല്ലാസം നൽകുന്ന കളികളും, ജീവിത വിരക്തി തോന്നാത്തവിധമുള്ള കാര്യങ്ങളൊക്കെയും ചെയ്യാവുന്നതാണ്. എന്നാൽ പുകവലി, വെറ്റിലമുറുക്ക്, മദ്യപാനം, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം കർശനമായി നിയന്ത്രിച്ചാലേ മതിയാകൂ. ഇത്തരം ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ടുപോയവർ അവ മാറ്റിയെടുക്കാൻ കൊവിഡ് ദിനങ്ങളെ ഉപയോഗപ്പെടുത്തേണ്ടതാണ്.

അധികമായ വിശ്രമം നല്ലതല്ലെന്നു മാത്രമല്ല പലവിധ ശാരീരിക ബുദ്ധിമുട്ടുകൾക്കും മനോവിഷമങ്ങൾക്കും മാനസിക സമ്മർദ്ദത്തിനും ഉറക്കമില്ലായ്മയ്ക്കും കാരണമാകുകയും ചെയ്യും.

കൊവിഡ് റീടെസ്റ്റ് നെഗറ്റീവ് ആകുന്ന ഒരാൾ അടുത്ത ഏഴു ദിവസം കൂടിയെങ്കിലും ഇതേ രീതികൾ ശീലിക്കുന്നതാണ് നല്ലത്. കൊവിഡ് പോസിറ്റീവ് ആയിരുന്ന സമയത്ത് പോലും യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാതിരുന്ന ചിലരെങ്കിലും പിന്നീട് ചുമ, കിതപ്പ്, ക്ഷീണം, തലവേദന, ശരീരവേദന, ശ്വാസംമുട്ടൽ, ശരീരഭാരം കുറഞ്ഞു വരിക, വിശപ്പില്ലായ്മ, മണമറിയായ്ക, മലബന്ധം, അമിത ഉത്കണ്ഠ, മാനസിക പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്ക് ചികിത്സ തേടി എത്തുന്നുണ്ട്.

പുനർജ്ജനി

ഒപ്പമുണ്ട് !


ഈ പരാതികൾക്ക് ശരിയായ ശ്രദ്ധ നൽകാതിരുന്നാൽ അവ ക്രമേണ കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങൾ ഉണ്ടാക്കുകയോ, ഞരമ്പുകളെ ബാധിക്കുന്നതോ, മാനസിക രോഗമായി പരിണമിക്കുകയോ ചെയ്യാനും ഇടയുണ്ട്. ഇത്തരം ബുദ്ധിമുട്ടുകളുള്ളവർക്ക് പ്രത്യേക പരിഗണന നൽകാനായി സർക്കാർ മുൻ കൈയെടുത്ത് ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് പുനർജ്ജനി. വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ ആയുർവേദ ഡിസ്പെൻസറികളിലും ആശുപത്രികളിലും ഈ സേവനം സൗജന്യമായി ലഭ്യമാണ്. എല്ലാ പഞ്ചായത്തിലും ഒരു സ്ഥാപനമെങ്കിലും ഈ സേവനം പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനായി ഉറപ്പാക്കുകയും ജില്ലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടവരും, കൊവിഡ് രോഗബാധ കാരണം നഷ്ടമായ ആരോഗ്യം വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നവരും ഈ സേവനം ഉപയോഗപ്പെടുത്താൻ സർക്കാർ ആയുർവേദ സ്ഥാപനങ്ങൾ സമീപിക്കേണ്ടതാണ്.

രോഗതീവ്രത അനുസരിച്ച് കൂടുതൽ പ്രയോജനം നൽകുന്ന പ്രത്യേക മരുന്നുകൾ ഇതിനായി സ്ഥാപനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.