thunder-bolt-

കൊടുംകുറ്റവാളികൾക്കുപോലും നിയമാനുസൃതമുള്ള സകല മനുഷ്യാവകാശങ്ങൾക്കു പരിരക്ഷയുള്ള നാട്ടിൽ പൊലീസിന്റെ ഏറ്റുമുട്ടൽ കഥ വിശ്വസിക്കാൻ പൊതുസമൂഹം പൊതുവേ മടികാണിക്കുന്നത് അതിനു പിന്നിലെ സത്യാവസ്ഥ ബോദ്ധ്യമാകാത്തതുകൊണ്ടുതന്നെയാണ്. വയനാട് വനാന്തരത്തിൽ ചൊവ്വാഴ്ച തണ്ടർബോൾട്ട് പൊലീസ് സംഘവുമായുണ്ടായ 'ഏറ്റുമുട്ടലിൽ" തമിഴ്‌നാട് സ്വദേശിയായ വേൽമുരുകൻ എന്ന യുവാവ് കൊല്ലപ്പെട്ടതാണ് ഈ പരമ്പരയിലെ അവസാനത്തേത്. പടിഞ്ഞാറത്തറ ബാണാസുര മലയടിവാരത്ത് വനത്തിനുള്ളിൽ പതിവു റോന്തുചുറ്റലിനിറങ്ങിയ ആറംഗ തണ്ടർബോൾട്ട് സംഘത്തിനു നേരെ ആറുപേരടങ്ങുന്ന മാവോവാദികൾ വെടിവച്ചെന്നും തിരിച്ചുള്ള വെടിവയ്പിൽ വേൽമുരുകൻ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് ഭാഷ്യം. കാട്ടിൽ നടക്കുന്ന ഇത്തരം ഏറ്റുമുട്ടലുകൾക്ക് സാക്ഷികളാരുമില്ലാത്ത സ്ഥിതിക്ക് പൊലീസ് പറയുന്നത് വിശ്വസിക്കേണ്ടിവരുന്നു. അഞ്ചു വർഷത്തിനിടെ മലബാറിലെ വനാന്തരങ്ങളിൽ ഇതുപോലെ പലപ്പോഴും മാവോവാദികൾ പൊലീസുമായി നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. മാവോ വേട്ടയ്ക്ക് കേന്ദ്രം കൈയയച്ചു ഫണ്ട് നൽകുന്നതിനാൽ മാവോ സാന്നിദ്ധ്യമുള്ള സംസ്ഥാനങ്ങളിൽ പ്രത്യേക പൊലീസ് യൂണിറ്റുകൾ തന്നെ ഇതിനുവേണ്ടി രൂപീകരിച്ചിട്ടുണ്ട്. കേരളത്തിൽ അഞ്ചുവർഷത്തിനിടെ എട്ട് മാവോയിസ്റ്റുകൾ പൊലീസിന്റെ തോക്കിനിരയായിട്ടുണ്ടെന്നാണ് കണക്ക്. ഒറ്റ സംഭവത്തിൽ പോലും മാവോവാദികളുടെ വെടിയേറ്റ് സേനാംഗങ്ങളിലാർക്കും പരിക്കുപോലും പറ്റിയിട്ടില്ലെന്നതാണ് ഏറ്റുമുട്ടൽ കഥ അവിശ്വസനീയമാക്കുന്നത്. ചൊവ്വാഴ്ചത്തെ ഏറ്റുമുട്ടലിലും പൊലീസ് ഭാഗത്ത് ആർക്കും തന്നെ കുഴപ്പമൊന്നുമില്ല. അരമണിക്കൂർ വെടിവയ്പു നീണ്ടെങ്കിലും മാവോവാദികളുടെ ഉണ്ടകളെല്ലാം ലക്ഷ്യം തെറ്റി കാട്ടിൽ എവിടെയൊക്കെയോ പായുകയായിരുന്നു. കൂട്ടത്തിലൊരാൾ വെടിയേറ്റുവീണതോടെ മാവോ സംഘത്തിലെ മറ്റുള്ളവർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടുവെന്നാണു പൊലീസ് പറയുന്നത്. വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും ഒരാളെപ്പോലും പിടികൂടാനുമായില്ല. മരണപ്പെട്ട വേൽമുരുകന്റെ ദേഹത്ത് നിരവധി വെടിയുണ്ടകളേറ്റിരുന്നു എന്നാണു വിവരം.

വനത്തിനുള്ളിൽ നടന്ന ഏറ്റുമുട്ടൽ സംഭവത്തെക്കുറിച്ചു പതിവുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നടപടിയായിട്ടുണ്ട്. നിയമപരമായി അനിവാര്യമാണത്. അന്വേഷണത്തിന്റെ പര്യവസാനം എന്തുതന്നെയായാലും ഏറ്റുമുട്ടൽ കഥയ്ക്കു പിന്നിലെ യാഥാർത്ഥ്യങ്ങൾ സമൂഹത്തിനു മുന്നിൽ ഒരുകാലത്തും തെളിയുമെന്നു കരുതാനാവില്ല. മുൻകാല അനുഭവങ്ങൾ അത്തരത്തിലാണ്. തണ്ടർബോൾട്ടിന്റെ കാട്ടിലെ ഓപ്പറേഷനുകൾ എപ്പോഴും രഹസ്യമായിരിക്കുമെന്നതിനാൽ സാക്ഷികൾ ഉണ്ടാകണമെന്നില്ല. ഓർക്കാപ്പുറത്താകുമല്ലോ മിക്ക അവസരങ്ങളിലും മാവോയിസ്റ്റുകൾ പൊലീസുമായി നേർക്കുനേർ വരുന്നത്. എന്നാൽ സംഭവം നടന്ന ശേഷവും മാദ്ധ്യമങ്ങളെ ഉൾപ്പെടെ സകലരെയും 'ഏറ്റുമുട്ടൽ" പ്രദേശത്തുനിന്ന് ബഹുദൂരം അകറ്റിനിറുത്തുന്നതിലെ ദുരൂഹതയാണ് മനസിലാകാത്തത്. ഏറ്റുമുട്ടൽ കഥ പലപ്പോഴും വിശ്വസനീയമല്ലാതാകുന്നതിന്റെ പ്രധാന കാരണവും ഇതാണ്. യുദ്ധമേഖലകളിൽ പോലും അംഗീകാരമുള്ള മാദ്ധ്യമ പ്രവർത്തകർക്കു പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുമ്പോൾ 'ഏറ്റുമുട്ടൽ" നടന്ന പ്രദേശത്തിന്റെ ഏഴയലത്തു പോലും മാദ്ധ്യമപ്രവർത്തകരെ അടുപ്പിക്കാത്ത പൊലീസ് സമീപനം ഏറെ വിചിത്രമാണ്. ഇത്തരം സംഭവങ്ങളിൽ സത്യസ്ഥിതി അറിയാനും അതു ജനങ്ങളെ അറിയിക്കാനും മാദ്ധ്യമങ്ങൾക്ക് അവകാശമുണ്ട്. അവരെ വിലക്കുന്നതിലൂടെ അറിയാനുള്ള ജനങ്ങളുടെ അവകാശം കൂടിയാണ് നിഷേധിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ സത്യം പുറംലോകം അറിയരുതെന്ന് പൊലീസ് ആഗ്രഹിക്കുന്നത് മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ഭരണകൂടവും ഭരണകർത്താക്കളും ഈ അന്യായം പലവുരു കണ്ടിട്ടും കണ്ണടയ്ക്കുന്നതാണ് ഇരട്ടത്താപ്പ്. പൊലീസിന്റെ പീഡനമുറകൾ തടയാൻ ലോക്കപ്പുകളിൽ പോലും സി.സി.ടിവി സംവിധാനം ഏർപ്പെടുത്തുന്ന കാലമാണിത്. കാട്ടിൽ ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ട സംഭവം ഗോപ്യമൊന്നുമല്ല. ജനങ്ങൾ അറിഞ്ഞുകഴിഞ്ഞ അത്തരമൊരു സംഭവത്തിന്റെ വിശദാംശങ്ങൾ തേടുന്ന മാദ്ധ്യമപ്രവർത്തകരെ വഴിയിൽ തടയാനും തിരിച്ചയപ്പിക്കാനുമുള്ള ശ്രമത്തിനു പിന്നിൽ തങ്ങളുടെ അതിക്രമങ്ങൾ പുറംലോകം അറിയരുതെന്ന പൊലീസിന്റെ ദുരാഗ്രഹം തന്നെയാണ് കാണാനാവുക. വാർത്താവിസ്ഫോടനത്തിന്റെ ഇക്കാലത്തും സത്യങ്ങൾ മൂടിവയ്ക്കാനാകുമെന്ന മിഥ്യാധാരണയാകാം പരിഹാസ്യമായ ഇത്തരം നിലപാടിലുറച്ചുനിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇതിനുമുമ്പ് നടന്ന ഏറ്റുമുട്ടൽ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചാൽ പൊലീസിന്റെ കള്ളക്കഥകൾ പലതും വെളിച്ചത്താകും. അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ മൂന്ന് മാവോവാദികളുടെ മരണത്തിൽ കലാശിച്ച ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് തണ്ടർബോൾട്ട് സംഘം പുറത്തുവിട്ട കഥകൾ വ്യാജമായിരുന്നു എന്നു പിന്നീട് ബോദ്ധ്യപ്പെട്ടിരുന്നു. ഭരണമുന്നണിയിലെ പ്രബല ഘടകകക്ഷിയായ സി.പി.ഐയുടെ നേതാക്കൾ പോലും പൊലീസിന്റെ ഈ കള്ളക്കഥ തള്ളിപ്പറയുകയുണ്ടായി. വയനാട് വൈത്തിരിയിലെ റിസോർട്ടിൽ തണ്ടർബോൾട്ട് സംഘത്തിന്റെ വെടിയേറ്റു മരിച്ച മാവോവാദിയുടെ കഥയും വേറൊന്നല്ല. ഇയാൾ വെടിവച്ചപ്പോഴാണ് തങ്ങൾ തിരിച്ചു വെടിവച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ ഇയാളുടെ തോക്കിൽ നിന്ന് വെടിപൊട്ടിയിട്ടേയില്ലെന്നായിരുന്നു ഫോറൻസിക് പരിശോധനാ റിപ്പോർട്ട്.

കാലത്തിനും നിയമത്തിനും നിരക്കാത്ത ആശയസംഹിതയുടെ പിറകേ പോയി സമൂഹത്തിനും രാജ്യത്തിനും ഭീഷണി ഉയർത്തുന്ന വിധ്വംസക പ്രവൃത്തികളിലേർപ്പെടുന്നവരെ നിയമാനുസൃതം നേരിടുകയാണു വേണ്ടത്. ഏറ്റുമുട്ടൽ കൊലകൾ സമൂഹം എപ്പോഴും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത് പൊലീസ് നിരത്തുന്ന കള്ളക്കഥയിൽ വിശ്വാസമില്ലാത്തത് കൊണ്ടുതന്നെയാണ്. യഥാർത്ഥ സത്യാവസ്ഥ ബോദ്ധ്യപ്പെടാൻ വിശ്വാസയോഗ്യമായ ഉന്നതതല അന്വേഷണം തന്നെ വേണ്ടിവരും.