തിരുവനന്തപുരം: മരുതംകുഴിയിലെ ബിനീഷിന്റെ 'കോടിയേരി' എന്ന വീട്ടിൽ ബുധനാഴ്ച രാവിലെ തുടങ്ങിയ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന അതിനാടകീയ സംഭവങ്ങളോ ടെയാണ് പരിസമാപ്തിയിലേക്ക് നീങ്ങിയത്.
രാപകൽ നീണ്ടപരിശോധന, വീട്ടുകാരുടെ എതിർപ്പ്, വീടിനുമുന്നിൽ ബന്ധുക്കളുടെ സമരം, പൊലീസിന്റെയും ബാലാവകാശ കമ്മിഷന്റെയും രംഗപ്രവേശം എന്നിങ്ങനെ സംഭവബഹുലമായിരുന്നു വീടും പരിസരവും. കേന്ദ്ര ഏജൻസിക്കെതിരെയായ പരാതിയിൽ കേരള പൊലീസിന്റെ ഇടപെടൽ എന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന ആശങ്കയും വർദ്ധിച്ചു.
സീൻ ഒന്ന്
രാവിലെ 8.30
ബുധനാഴ്ച രാവിലെ കയറിയ ഉദ്യോഗസ്ഥർ പുറത്തേക്ക് വന്നിട്ടില്ല.വീട്ടിലുള്ളത് ബിനിഷീന്റെ ഭാര്യ, അവരുടെ അമ്മ, ബിനീഷിന്റെ മകൾ.
ബിനീഷിന്റെ കുഞ്ഞമ്മ ലില്ലിയും അമ്മാവന്റെ ഭാര്യ ശ്രീലതയും എത്തുന്നു. വീട്ടുകാരെ കാണണമെന്ന് ആവശ്യപ്പെടുന്നു.
കാവൽ നിൽക്കുന്ന സി.ആർ.പി.എഫ് നിരസിക്കുന്നു. ഇരുവരും വീടിന് മുന്നിൽ കുത്തിയിരുന്നു. പ്രതിഷേധം തടയാൻ പൊലീസിന്റെ ശ്രമം.അഭിഭാഷകർ സി.ആർ.പി.എഫുമായി കയർക്കുന്നു.
സീൻ രണ്ട്- 9.10
ബീനീഷിന്റെ ഭാര്യയെയും കുട്ടിയെയും ഉൾപ്പെടെ വീട്ടുതടങ്കലിലാക്കിയെന്ന് ലില്ലിയും ശ്രീലതയും മാദ്ധ്യമങ്ങളോട്. പ്രതിഷേധം തുടരുന്നു. കുട്ടിയുടെ അവസ്ഥ അറിയണമെന്നും കാണാതെ മടങ്ങില്ലെന്നും പറയുന്നു.
സീൻ മൂന്ന്-10.15
ബിനീഷിന്റെ രണ്ടര വയസുള്ള ഇളയ മകളെ ഇ.ഡി തടഞ്ഞുവച്ചെന്ന് ബന്ധുക്കളുടെ പരാതി. ബാലാവകാശ കമ്മിഷൻ ചെയർമാനും അംഗങ്ങളും എത്തുന്നു. സി.ആർ.പി.എ.ഫ് കടത്തിവിട്ടില്ല.കുട്ടിയുടെ അവകാശം നിഷേധിച്ചെന്നും നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ ചെയർമാൻ അഡ്വ. കെ.വി.മനോജ്കുമാർ.
സീൻ നാല്- 10.30
ബാലാവകാശ കമ്മിഷൻ എത്തിയത് അറിഞ്ഞ് ബിനീഷിന്റെ ഭാര്യാമാതാവ് മിനി പ്രദീപ് കുട്ടിയുമായി പുറത്തെത്തുന്നു. തന്നെയും മകളെയും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഭീഷണിപ്പെടുത്തി വസ്തുതാവിരുദ്ധമായ കാര്യങ്ങളിൽ ഒപ്പിടാൻ നിർബന്ധിക്കുന്നുവെന്നും മാദ്ധ്യമങ്ങളോട് തുറന്നടിക്കുന്നു. പൂജപ്പുര പൊലീസും എത്തി.വൻ ആൾക്കൂട്ടം
സീൻ അഞ്ച്- 10.50
ഇ.ഡി ഉദ്യോഗസ്ഥർ വീടിനുള്ളിൽ നടപടികൾ പൂർത്തിയാക്കുന്നു. ബിനീഷിന്റെ ഭാര്യാമാതാവിന്റെ ഫോണും പരിശോധനയ്ക്ക് എടുക്കുന്നു. ഉദ്യോഗസ്ഥർ വീടിന് പുറത്തേക്ക്. രണ്ടുവാഹനങ്ങളിലായി മടങ്ങാൻ തുടങ്ങുമ്പോൾ പൊലീസുകാരൻ തടയുന്നു.കുട്ടിയെ തടഞ്ഞുവച്ചെന്ന ബന്ധുക്കളുടെ പരാതിയിൽ കാര്യങ്ങൾ ചോദിക്കുന്നു. കാറിലിരുന്ന് മറുപടി നൽകി ഇ.ഡി ഉദ്യോഗസ്ഥർ. രണ്ട് കാറുകളും പുറത്തേക്ക്. പരാതിയിൽ നടപടി സ്വീകരിക്കുമെന്നും ഇ.ഡിയുടെ മൊഴിയെടുക്കുമെന്നും പൂജപ്പുര പൊലീസ്.
സീൻ ആറ്- 11.15
ബിനീഷിന്റെ ഭാര്യയും ഭാര്യാമാതാവും മാദ്ധ്യമങ്ങളെ കാണുന്നു. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും മാനസിമായി തളർത്തിയെന്നും ആരോപണം. പ്രതി അനൂപിന്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെടുത്തെന്ന് സമ്മതിച്ച് ഒപ്പിടാൻ നിർബന്ധിച്ചെന്നും വഴങ്ങിയില്ലെന്നും ബിനീഷിന്റെ ഭാര്യ.
സീൻ ഏഴ്- 11.30
24 മണിക്കൂർ നീണ്ട നാടകീയ സംഭവങ്ങൾക്ക് തിരശീല. ബന്ധുക്കൾ വീട്ടിനുള്ളിലേക്ക്.