വെഞ്ഞാറമൂട്:പ്രളയകാലത്തും,കൊവിഡ് കാലത്തും നാടിന്റെ കാവാലാളായി നിന്ന്, മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വച്ച് വിടപറയുമ്പോൾ പി. ബിജുവിന്റെ വിയോഗം കൊവിഡ് കാലത്തെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാകുന്നു.മേലാറ്റു മുഴി എന്ന ഗ്രാമത്തിൽ നിന്ന് ആത്മവിശ്വാസം മാത്രം കൈമുതലാക്കി വളർന്ന ബിജുവിന്റെ വിയോഗത്തിൽ നാടിന് നഷ്ടമായത് സൗഹൃദത്തെ സമ്പാദ്യമാക്കിയ നേതാവിനെ. സൗമ്യമായ പെരുമാറ്റവും സംഭാഷണവും കൊണ്ട് എല്ലാവരുടെയും മനസ് കവർന്ന ബിജു കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനായ ഉടൻ ഗ്രാമത്തിലെ സ്കൂളിനെ നവീകരിച്ചു.മേലാറ്റുമൂഴി ഗവൺമെന്റ് എൽ.പി സ്കൂളിൽ കുട്ടികൾക്ക് പാർക്ക് ,പ്രീ പ്രൈമറി നവീകരണം എന്നിങ്ങനെ ഒട്ടേറെ വികസനങ്ങൾ നടത്തി.കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സഹായകമായി നിരവധി ഗ്രന്ഥശാലകൾക്കും, അങ്കണവാടികൾക്കും ടിവി നൽകി.

വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തിലൂടെ നാടിന് പ്രിയങ്കരനായി മാറിയ ബിജുവിന്റെ മരണം ഇനിയും വിശ്വസിക്കാൻ ഇവിടത്തുകാർക്കായിട്ടില്ല.മരണവാർത്ത അറിഞ്ഞതുമുതൽ അത് സത്യമാവല്ലെയെന്ന പ്രാർത്ഥനയിലായിരുന്നു മേലാറ്റുമൂഴി ഗ്രാമം.തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കു കാണാൻ സി.പി.എം വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി ഓഫീസിലും മേലാറ്റുമൂഴിയിലെ വീട്ടിലും നിരവധിയാളുകളാണ് എത്തിയത്.

ബിജു വിട പറയുമ്പോൾ വാമനപുരത്തിന് നഷ്ടമായത് കരുത്തിന്റെ യുവ ശബ്ദത്തെയാണ്.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതു രംഗത്തെ നിറ സാന്നിധ്യമായി ബിജു മാറിയത്.സമര പോരാട്ടങ്ങളിൽ പതറാതെ തീക്കനൽ പോലെ ജ്വലിച്ചു നിന്ന യുവ നേതാവ് ഭാവി കേരളത്തിന്റെ പ്രത്യാശയായിരുന്നു.ലോ കോളേജിൽ പഠനം പൂർത്തിയാക്കിയ ബിജു വാമനപുരം അസംബ്ലി മണ്ഡലത്തിന്റെ പൊതു രംഗത്തെ മുഖ്യ ധാരയിലേക്ക് ഉയർന്നു.കഴിഞ്ഞ നിയമ സഭ,ലോക് സഭ തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.വാമനപുരം മേലാറ്റുകുഴി സ്വദേശിയാണെങ്കിലും പ്രവർത്തന മേഘല വെഞ്ഞാറമൂടായിരുന്നു.സൗഹൃദങ്ങൾക്ക് എപ്പോഴും വിലമതിക്കുന്ന പ്രകൃതമായിരുന്നു.അതുകൊണ്ട് തന്നെ ഒരു സുഹൃത്തിന്റെ ഒരു ഫോൺ കാൾ മതി പരിപാടിയിൽ പങ്കെടുക്കാൻ.എത്ര തിരക്കുണ്ടെങ്കിലും നാട്ടിലെ ചെറിയൊരു ക്ലബിന്റെ വാർഷികത്തിനായാൽ പോലും പങ്കെടുക്കും.ഇലക്ഷൻ ചുമതല വന്നാൽ പാർട്ടി ഓഫീസാണ് ബിജുവിന്റെ വീട്.അതാണ് പാർട്ടിയോടുള്ള കൂറ്.