കിളിമാനൂർ: സാധാരണക്കാർക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തട്ടത്തുമല കേന്ദ്രമാക്കി സ്ഥാപിക്കുന്ന കയർ വിവിധോദ്ദേശ സഹകരണ സംഘത്തിന് തറക്കല്ലിട്ടു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പി. ലാലി ശിലാഫലകം അനാച്ഛാദനം ചെയ്തു. സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചീഫ് പ്രമോട്ടർ പി. ഹരീഷ് ഏറ്റുവാങ്ങി. കേരള സർക്കാർ നടപ്പാക്കുന്ന രണ്ടാം കയർ വ്യവസായ പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാനത്താകെ ആയിരം ഓട്ടോമാറ്റിക് സ്പിന്നിംഗ് മില്ലുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് തട്ടത്തുമലയിൽ കയർ സഹകരണ സംഘം സ്ഥാപിക്കാൻ അനുമതി ലഭിച്ചത്. പത്തു മെഷീനുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. പ്രവാസിയായ അജയകുമാരൻ നായർ സംഘത്തിന് പ്രവർത്തിക്കാൻ സ്ഥലം വിട്ടുനൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ കെ.എസ്. ഷിബു, ചീഫ് പ്രമോട്ടർ പി. ഹരീഷ്, എസ്. യഹിയ, കെ.ജി. ബിജു, ജി. ജയകുമാർ എന്നിവർ പങ്കെടുത്തു.