നാഗർകോവിൽ: മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം നടത്തിയ മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, നീണ്ടകര സ്വദേശി ഗോപാലകൃഷ്ണൻ (56), ഭാര്യ റോസി (53) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ആയിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ :
ഏതാനും മാസം മുമ്പ് കൊല്ലത്ത് നിന്ന് കന്യാകുമാരി ജില്ലയിൽ എത്തിയ ദമ്പതികൾ നാഗർകോവിലിനടുത്ത് ചുങ്കാക്കടയിൽ മസാജ് സെന്റർ നടത്തുവാൻ വേണ്ടി ഒരു വീട് വാടകയ്ക്ക് എടുക്കുകയായിരുന്നു. പിന്നീട് ഇടുക്കി മുണ്ടക്കായൽ സ്വദേശിനിയായ നാല്പത്തിയഞ്ചുകാരിയെയും തൃശ്ശൂർ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെയും എത്തിച്ച് മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം നടത്തി വരികയായിരുന്നു.
കുളച്ചൽ എ.എസ്.പി വിശ്വേശ് ശാസ്ത്രിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഇവരിൽ നിന്ന് ആയുർവേദ മസാജ് സെന്റർ നടത്തുന്നതിനുള്ള വ്യാജ സർട്ടിഫിക്കറ്റ് പൊലീസ് പിടിച്ചെടുത്തു. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് യുവതികളെ നാഗർകോവിൽ വിമൻസ് ഹെല്പ് സെന്ററിലാക്കി. ഇരണിയൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
|