തിരുവനവന്തപുരം: നെൽവയൽ കർഷകർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ ഓരോവർഷവും റോയൽറ്റി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റിയുടെ വിതരണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ നെൽക്കൃഷിയുള്ള എല്ലാ ഭൂ ഉടമകളും ആനുകൂല്യത്തിന് അർഹരാണ്. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ പയറുവർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയ ഹൃസ്വകാലവിളകൾ കൃഷി ചെയ്യുന്ന നിലമുടമകൾക്കും റോയൽറ്റി അനുവദിക്കും. വയലുകൾ തരിശിട്ടിരിക്കുന്നവർ സ്വന്തമായോ, ഏജൻസികൾ മുഖേനയോ കൃഷിക്കായി ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലും ആനുകൂല്യം നൽകും. പദ്ധതിക്കായി 400 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, ചീഫ് വിപ്പ് കെ. രാജൻ, കാർഷികോത്പാദന കമ്മിഷണർ ഇഷിതാ റോയ്, കൃഷി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, ഡയറക്ടർ ഡോ. കെ. വാസുകി തുടങ്ങിയവർ സംബന്ധിച്ചു.