neyyatinkara-police

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ പരിസരം കാടുകയറുന്നത് പരാതികളുമായി സ്റ്റേഷനിൽ എത്തുന്നവർക്കും സ്റ്റേഷനിലെ ജീവനക്കാർക്കും ഭീഷണിയാവുന്നു.മതിയായ രേഖകളില്ലാത്തതിനും അമിത വേഗം, മദ്യപിച്ചു വാഹനമോടിക്കൽ തുടങ്ങി വിവിധ കേസുകളിലുമായി നെയ്യാറ്റിൻകര പൊലീസ് പിടികൂടിയ നൂറുകണക്കിന് വാഹനങ്ങളാണ് മഴയും വെയിലുമേറ്റ് നശിക്കുന്നത്.പൊലീസ് സമുച്ചയത്തിന്റെ പിറകിലായാണ് വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.മാസങ്ങളായി ഒതുക്കിയിട്ടിരിക്കുന്ന വാഹനങ്ങൾ കാടും പടർപ്പും നിറഞ്ഞ് ഉപയോഗ ശൂന്യമായ അവസ്ഥയിലായിട്ടുണ്ട്. പിടികൂടിയ വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക സ്ഥലസൗകര്യമില്ലാത്തതാണ് കാടുകയറി നശിക്കുന്നതിനിടയാക്കുന്നത്.

 സഹിക്കെട്ട് പൊലീസുകാർ

സ്റ്റേഷനിൽ വാഹനങ്ങൾ നിറഞ്ഞതും പുൽച്ചെടികൾ വളർന്ന് പൊന്തിയതും പ്രദേശത്ത് ഇഴജന്തുക്കൾ കേന്ദ്രീകരിക്കുന്നതിനിടയാക്കിയിട്ടുണ്ട്. ഇതിന് സമീപമാണ് പൊലീസ് ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. നിരവധി പൊലീസുകാർ ഇവിടെ കുടുംബസമേതം താമസിക്കുന്നുണ്ട്. ഇഴജന്തുക്കളുടെ ശല്യം താമസക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്. കൊതുക് ശല്യവും രൂക്ഷമാണിവിടെ. വാഹനങ്ങൾ നീക്കം ചെയ്യാൻ എത്രയും പെട്ടെന്ന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.