തിരുവനന്തപുരം: എൻഫോഴ്സ് മെന്റ് ബിനീഷിന്റെ വീട്ടിൽ 24 മണിക്കൂർ നടത്തിയ പരിശോധന വെറും പ്രഹസനമെന്ന് കുടുംബം.
ബുധനാഴ്ച രാവിലെ 9.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ബിനീഷിന്റെ ഭാര്യ റെനീറ്റയും രണ്ടര വയസുള്ള ഇളയ മകളും റെനീറ്റയുടെ മാതാവ് മിനി പ്രദീപും പിതാവ് പ്രദീപും ഡ്രൈവർ സെയ്ഫുമാണ് വീട്ടിലേക്ക് താക്കോലുമായെത്തിയത്.
ഇവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന ആരംഭിച്ചത്. ഇരുനിലകളിലുമായുള്ള നാലു മുറികളിലെ പരിശോധന മുക്കാൽ മണിക്കൂറോടെ അവസാനിച്ചെന്നും ബാക്കിസമയം അവർ വെറുതെയിരുന്ന് തങ്ങളെ ബുദ്ധിമുട്ടിച്ചെന്നും ബിനീഷിന്റെ ഭാര്യാമാതാവ് മിനിപ്രദീപ് പറഞ്ഞു. വന്നപാടെ ഫോണുകൾ പിടിച്ചുവാങ്ങി. ആരെയും വിളിക്കാൻ അനുവദിച്ചില്ല. മുക്കാൽ മണിക്കൂർ നേരത്തെ പരിശോധനകൾക്ക് ശേഷമുള്ള സമയം ഭക്ഷണം കഴിക്കാനും ഫോണിൽ കളിക്കാനുമാണ് അവർ ഉപയോഗിച്ചത്.
എന്നാൽ, തങ്ങൾക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത നിമിഷങ്ങളായിരുന്നു കടന്നു പോയതെന്നും മിനി പ്രദീപ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് അനുപ് മുഹമ്മദിന്റേതെന്ന് പറയുന്ന എ.ടി.എം കാർഡ് ബിനീഷിന്റെ മുറിയിൽ നിന്ന് കിട്ടിയെന്ന് പറഞ്ഞത്. അത് സ്ഥിരീകരിക്കുന്ന മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു.പലതവണ ഭീഷണിപ്പെടുത്തി. മാനസിക സമ്മർദ്ദം ചെലുത്തി.എന്നിട്ടും വഴങ്ങിയില്ല. ഡ്രൈവർ സെയ്ഫിനെ സാക്ഷിയാക്കാനും ശ്രമം നടത്തി. സെയ്ഫിനെ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തി.സെയ്ഫും വഴങ്ങാതായതോടെ
ഉദ്യോഗസ്ഥർക്കൊപ്പം കൊണ്ടുവന്നിരുന്ന രണ്ടുപേരെ സാക്ഷികളാക്കി ഒപ്പിട്ടുവാങ്ങി. ബിനീഷിന്റെ മൂത്ത കുട്ടിയെ പി.ടി.പി നഗറിന് സമീപമുള്ള വീട്ടിൽ ഒറ്റയ്ക്കാക്കിയാണ് വന്നത്. എന്നാൽ പോകാൻ അനുവദിച്ചില്ല. രാത്രി പത്തോടെ തന്റെ ഭർത്താവ് പ്രദീപിനെ നിർബന്ധത്തെ തുടർന്ന് പുറത്ത് പോകാൻ അനുവദിച്ചു. ഭക്ഷണം ബിനീഷിന്റെ മാതാവാണ് കൊടുത്തയച്ചത്.