കിളിമാനൂർ: കാതലായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാക്കി തിരഞ്ഞെടുപ്പ് അങ്കത്തിന് കച്ചകെട്ടുകയാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്. അടിസ്ഥാന വികസന പ്രശ്നങ്ങളിൽ കൊടി നിറം മറന്ന് കൂട്ടായ്മയോടുള്ള പ്രവർത്തനമാണ് നേട്ടങ്ങൾക്ക് വഴിയൊരുക്കിയത്.
തിരഞ്ഞെടുപ്പിൽ ഇത് തന്നെയാവും മുഖ്യ പ്രചാരണ വിഷയവും.
രണ്ടര പതിറ്റാണ്ടിനിടെ ഒരിക്കൽ പോലും ചെങ്കൊടി കൈവിടാത്ത ബ്ലോക്കിൽ കീറാമുട്ടിയായി നിന്ന ഒട്ടു മിക്ക അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണാനായതിൽ പ്രസിഡന്റ് ശ്രീജ ഷൈജു ദേവിനും, വൈസ് പ്രസിഡന്റ് കെ. സുഭാഷിനും അഭിമാനിക്കാം.
പ്ലാസ്റ്റിക് ഷ്രഡിംഗ്, ക്രഷിംഗ്, ബയോഗ്യാസുകൾ, ഇൻസിനേറ്റർ എന്നിവ സ്ഥാപിച്ച് ശുചിത്വ പദവി നേടുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്ത് പദവിയും ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ സ്ഥാപിച്ച് പുരസ്കാരവും നേടി. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 6 കോടി രൂപ ചെലവഴിച്ച് പാർശ്വവത്കരിക്കപ്പെട്ട പട്ടിക ജാതി - ഭൂരഹിത ഭവന രഹിത -കുടുംബഗങ്ങൾക്ക് ഭവന സമുച്ചയം നടപ്പിലാക്കി.
പഴയകുന്നുമ്മൽ പഞ്ചായത്തിൽ കാനറയിൽ ഒരു കോടി 60 ലക്ഷം ചിലവിൽ കേരളത്തിലെ ഏക ഇലക്ട്രിക് ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിച്ചു. പി.എം.എ.വൈ പദ്ധതി പ്രകാരം 494 വീടുകൾ പൂർത്തിയാക്കി. 249 വീടുകൾ കൂടി നടപ്പിലാക്കുന്നു. ഇത്തരത്തിൽ നേട്ടങ്ങൾ നിരത്തിയാകും തിരഞ്ഞെടുപ്പ് എറ്റുമുട്ടൽ.