ed

തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ കള്ളപ്പണ,​ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ 26 മണിക്കൂർ റെയ്ഡ് നടത്തുകയും,​ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷണ പരിധിയിലാക്കുകയും,​ മുഖ്യമന്ത്രിയുടെ വലംകൈയും അഡി. പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം.രവീന്ദ്രനിലേക്ക് അന്വേഷണം തിരിക്കുകയും ചെയ്തതോടെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കൂച്ചുവിലങ്ങിടാൻ സർക്കാരിന്റെ ചടുലനീക്കം.

കേസും അന്വേഷണങ്ങളും പരാതികളുമായി ഇ.ഡിക്ക് തടയിടാൻ ബഹുമുഖ തന്ത്രങ്ങളുമായാണ് സർക്കാരിന്റെയും ബിനീഷിന്റെ കുടുംബത്തിന്റെയും പടയൊരുക്കം. അതേസമയം, വാറണ്ടുള്ള റെയ്ഡ് പൂർത്തിയാക്കാൻ ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നും ഒളിക്കാൻ കാര്യമുള്ളതിനാലാണ് പ്രതിഷേധമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ ഇ.ഡിയും തീരുമാനിച്ചതോടെ 'ബിനീഷ് എപ്പിസോഡിൽ' ഉദ്വേഗമേറി.

ഇ.ഡിക്കെതിരായ നീക്കങ്ങൾ

1. ബാലാവകാശ കമ്മിഷൻ

ബിനീഷിന്റെ ഭാര്യ റെനീറ്റയ്ക്കൊപ്പം രണ്ടര വയസുള്ള മകളെയും വീട്ടുതടങ്കലിലാക്കിയെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ഇ.ഡിക്കെതിരെ കേസെടുത്തു. റെനീറ്റയുടെ മൊഴിയെടുത്ത ശേഷം കേസെടുക്കാൻ പൊലീസിന് കമ്മിഷൻ നിർദ്ദേശം നൽകി.

2. പൂജപ്പുര പൊലീസ്

ബിനീഷിന്റെ ഭാര്യാപിതാവിന്റെ പരാതിയിൽ പൂജപ്പുര പൊലീസ് ഇ.ഡിയോട് വിശദീകരണം തേടി. അനധികൃത കസ്റ്റഡിയെക്കുറിച്ച് ഉടൻ മറുപടി നൽകിയില്ലെങ്കിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുമെന്നാണ് മുന്നറിയിപ്പ്. ഇ-മെയിലിൽ

നോട്ടീസ് അയച്ചു.

3.നിയമസഭാ കമ്മിറ്റി

ലൈഫ് പദ്ധതിയുടെ ഫയലുകൾ ആവശ്യപ്പെട്ടതിന് നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മി​റ്റി വിശദീകരണം തേടി. ഏഴു ദിവസത്തിനകം മറുപടി നൽകണം. തൃപ്തികരമല്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും. അഴിമതി അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയോട് സഭാസമിതി വിശദീകരണം തേടുന്നത് അപൂർവം.

4. റെനീറ്റ

റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് ആരോപിച്ച് ബിനീഷിന്റെ ഭാര്യ റെനീറ്റ ഇ.ഡി ഡയറക്ടർക്ക് പരാതി നൽകി. റെയ്ഡിനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതിയിലും ഹർജിയെത്തി.

തരിമ്പും കൂസാതെ ഇ.​ ഡി

സർക്കാരിന്റെ നീക്കങ്ങൾ വകവയ്ക്കാതെ പരിശോധനകളുമായി മുന്നോട്ടു തന്നെയാണ് ഇ.ഡി. ബിനീഷിന്റെ ബിനാമിയും ആഡംബരവാഹനങ്ങളുടെ സൂക്ഷിപ്പുകാരനുമായ അൽജസാമിന്റെ നെടുമങ്ങാട് യൂണിയൻ ബാങ്കിലെ ലോക്കർ പരിശോധിച്ച് സീൽചെയ്തു. മൂന്ന് മൊബൈൽ ഫോണുകളും പാസ്ബുക്കുകളും പിടിച്ചെടുത്തു.

ബിനാമി ഇടപാട് സംശയിക്കുന്ന വർക്കലയിലെ മൂന്ന് റിസോർട്ടുകൾ പരിശോധിച്ചു. ബിനീഷിന്റെ പ്രധാന ബിനാമിയെന്നു കരുതുന്ന കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫിനെ കസ്റ്റഡിയിലെടുക്കാനും ശ്രമം. ക്വാറന്റൈനിലായിരുന്ന ലത്തീഫിനോട് കഴിഞ്ഞ രണ്ടിനകം ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും എത്തിയില്ല. ഇയാളുടെ ഫോണുകൾ സ്വിച്ച്ഓഫാണ്. ലത്തീഫിന്റെ വസതിയിലും സ്ഥാപനത്തിലും റെയ്ഡ് നടത്തി. ബിനീഷിന്റെ ഭാര്യാമാതാവിന്റെ ഐ ഫോണും പിടിച്ചെടുത്തു.

അക്കൗണ്ടുകളിലൂടെ 5.17കോടിയുടെ പണമിടപാട് നടത്തിയതിന് രേഖയുള്ളപ്പോൾ മയക്കുമരുന്നു കേസ് പ്രതി അനൂപിന്റെ എ.ടി.എം കാർഡ് തങ്ങൾക്ക് ബിനീഷിന്റെ വീട്ടിൽ കൊണ്ടുവയ്ക്കേണ്ട കാര്യമില്ലെന്ന് ഇ.ഡി പറയുന്നു.

മറ്റു നീക്കങ്ങൾ

 വടക്കാഞ്ചേരി മാതൃകയിൽ കോഴയിടപാടിന്റെ വിവരം കിട്ടിയതിനാലാണ് ലൈഫ് ഫയലുകൾ പരിശോധിക്കുന്നത്. ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് എം.ഡിക്ക് ഹാജരാകാൻ നോട്ടീസ് നൽകി

 ശിവശങ്കറും സ്വപ്നയും ചേർന്ന് വട‌ക്കാഞ്ചേരിയിലേതു പോലെ 140 മണ്ഡലങ്ങളിലും വിദേശസഹായത്തോടെ ഫ്ലാ‌റ്റ്‌ സമുച്ചയത്തിന് പദ്ധതിയിട്ടെന്ന് കണ്ടെത്തി. രേഖകൾ നൽകിയില്ലെങ്കിൽ പിടിച്ചെടുക്കും

 സി.എം.രവീന്ദ്രനിൽ നിന്ന് കെ- ഫോൺ അടക്കം പദ്ധതികളുടെ വിവരം തേടും. സ്വർണ വ്യാപാരമുൾപ്പെടെ ബിനാമിയിടപാടുകൾ കണ്ടെത്തും. ഐ.ടി കമ്പനികളുമായുള്ള ബന്ധവും അന്വേഷിക്കും