തിരുവനന്തപുരം: കയർ വ്യവസായ രംഗത്തിന്റെ നഷ്ടമായ പ്രൗഢി തിരിച്ചുപിടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാഴമുട്ടം കയർ വ്യവസായ സഹകരണ സംഘത്തിൽ 20 ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കയർ സഹകരണ സംഘങ്ങളിലും സ്വകാര്യമേഖലയിലുമായി 200 മില്ലുകൾ സ്ഥാപിക്കാൻ സർക്കാരിന് കഴിഞ്ഞു. യന്ത്രവത്കൃത വ്യവസായശാലകളുടെ എണ്ണം വർദ്ധിക്കുന്നതോടെ കയർമേഖലയിൽ സ്വയംപര്യാപ്‌തത നേടാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1,000 ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീനുകൾ സ്ഥാപിച്ചതിന്റെ പൂർത്തീകരണ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. മന്ത്രി തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ, കയർ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പത്മകുമാർ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, കയർഫെഡ് എം.ഡി സി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.