ttt

തിരുവനന്തപുരം: കാടിന്റെ കുളിർമ്മയും ഔഷധസമ്പന്നമായ കുളിർകാറ്റുമെല്ലാം ഒത്തുചേരുന്ന കോട്ടൂരിലെ ആനസങ്കേതം അന്താരാഷ്ട്ര നിലവാരത്തിലുള്ള ആന പരിപാലന കേന്ദ്രമാകൻ ഒരുങ്ങുന്നു. തീരുമാനം വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയിൽ ആനകളെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെ പോലെ പാർപ്പിക്കാവുന്ന തരത്തിൽ ഉരുക്ക് തൂണുകളും വലകളും കൊണ്ട് അമ്പത് ആവാസ കേന്ദ്രങ്ങളടക്കമാണ് ആന പുനരധിവാസ കേന്ദ്രം നിർമ്മിക്കുക. ഇതിൽ 35 എണ്ണം ഒന്നാംഘട്ടത്തിലും ശേഷിക്കുന്നവ രണ്ടാം ഘട്ടത്തിലും പൂർത്തിയാക്കും. ഒന്നാംഘട്ടം അടുത്തവർഷം ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്യും. കോട്ടൂരിലെ 16 ആനകളെ ഇവിടേക്ക് മാറ്റും. 50 ആനകളെ പാർപ്പിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 108 കോടിയുടേതാണ് പദ്ധതി. ഭവന നിർമ്മാണ ബോർഡിനാണ് നിർമ്മാണച്ചുമതല.

അന്താരാഷ്ട്ര നിലവാരത്തിൽ
---------------------------------------------

നെയ്യാർ ഡാമിൽ ചെക്ക് ഡാമുകൾ നിർമ്മിക്കുന്നതടക്കം വിവിധ ജലാശയങ്ങൾ, കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങളും ഒരുക്കും. ആനകൾക്ക് കാട്ടിലുള്ളതുപോലെ സ്വാഭാവിക ജീവിതം നൽകുകയാണ് ലക്ഷ്യം. ആന മ്യൂസിയം, സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്ററിനറി ആശുപത്രി, പ്രകൃതി സ്‌നേഹികൾക്കും വിദ്യാർത്ഥികൾക്കുമായി പഠന ഗവേഷണ കേന്ദ്രം, പാപ്പാൻമാർക്കുള്ള പരിശീലന കേന്ദ്രം, എൻട്രൻസ് പ്ളാസ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, സന്ദർശകർക്കായി പാർക്കിംഗ് സൗകര്യം, കഫറ്റീരിയ, കോട്ടേജുകൾ, ടോയ്ലറ്റ് ബ്ലോക്ക്, ആനകളെ വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യം ഇവിടെയുണ്ടാവും. നാട്ടാനകളുടേതടക്കം ജഡങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്‌മശാനവും നിർമ്മിക്കുന്നുണ്ട്. ആനകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കളയും ഭക്ഷണം നൽകുന്നതിനുള്ള വിശാലമായ പ്രത്യേക ഇടവും നിർമ്മിക്കും. വിശാലമായ കൺവെൻഷൻ സെന്ററും ആംഫി തിയേറ്ററുമുണ്ട്. തീറ്റ വസ്‌തുക്കളിൽ നിന്നുണ്ടാകുന്നതുൾപ്പെടെ ഖരമാലിന്യങ്ങളും മൂന്നു ടണ്ണോളം ആന പിണ്ടവും ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനവും ഒരുക്കും. ആനപ്പിണ്ടത്തിൽ നിന്നും പേപ്പർ നിർമ്മിക്കുന്ന യൂണിറ്റും മാലിന്യങ്ങളിൽ നിന്നും ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും.

 പദ്ധതി തുക - 108 കോടി