തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.സെക്രട്ടേറിയറ്റിനു മുന്നിലുള്ള ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്വർണക്കടത്തിലും, ലൈഫ് തട്ടിപ്പിലും മുഖ്യമന്ത്രിയുടെ പങ്കും വ്യക്തമായിരിക്കുന്ന സാഹചര്യത്തിൽ അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാജിക്ക് തയാറാകണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്യവേ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് എം.ജി റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ്, സെക്രട്ടറി ബി.ജി വിഷ്ണു ചന്ദ്രകിരൺ, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, വൈസ് പ്രസിഡന്റ് പൂജപ്പുര ശ്രീജിത്ത്, സെക്രട്ടറി കിരൺ തുടങ്ങിയവർ പങ്കെടുത്തു.