niyamasabha

തിരുവനന്തപുരം: ഭൂരഹിതരും ഭവനരഹിതരുമായവർക്കുള്ള ലൈഫ് മിഷൻ ഭവന പദ്ധതിയെ തടസ്സപ്പെടുത്തുന്ന തരത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നത് സഭയുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന സി.പി.എം എം.എൽ.എ ജെയിംസ് മാത്യുവിന്റെ പരാതിയിൽ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ പി. രാധാകൃഷ്ണനോട് നിയമസഭാ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റി വിശദീകരണം തേടി.

സംസ്ഥാനത്തെ ഭൂരഹിതരും ഭവനരഹിതരുമായ മുഴുവൻ പേർക്കും വീട് നൽകുമെന്ന് മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പ് നൽകിയതാണെന്നും,വടക്കാഞ്ചേരി പദ്ധതിയെ സംബന്ധിച്ച പരാതി പരിശോധിക്കുന്നതിന് പകരം മുഴുവൻ പദ്ധതി രേഖകളും ആവശ്യപ്പെട്ട് ഇ.ഡി പദ്ധതിയെയാകെ തടസ്സപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു .സ്പീക്കർ പരാതി നിയമസഭാസമിതിക്ക് റഫർ ചെയ്തതിനെ തുടർന്നാണ്, എ. പ്രദീപ് കുമാർ അദ്ധ്യക്ഷനായ സഭാസമിതി ഇ.ഡി അസി. ഡയറക്ടറോട് ഒരാഴ്ചയ്ക്കകം വിശദീകരണം തേടിയത്.വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഉദ്യോഗസ്ഥനെ സഭാസമിതിക്ക് വിളിച്ചുവരുത്താം. എക്സിക്യൂട്ടീവ്- ലജിസ്ലേച്ചർ പോരിന്റെ തലത്തിലേക്ക് ഇ.ഡി- സർക്കാർ തർക്കം മാറുന്നതിന്റെ സൂചനയാണ് സഭാസമിതിയുടെ നീക്കം.