ed-raid

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ-ബിനാമി ഇടപാടിന് തെളിവുതേടി ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ "കോടിയേരി" വീട്ടിൽ ഇ.ഡി നടത്തിയ 26 മണിക്കൂർ റെയ്ഡിന് അപ്രതീക്ഷിതവും സംഭവബഹുലവുമായ ക്ലൈമാക്സ്.

ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ റെയ്ഡ് ഇന്നലെ പകലും നീണ്ടതോടെ, ബിനീഷിന്റെ ഭാര്യ റെനീറ്റയെയും രണ്ടരവയസുള്ള മകളെയും ഭാര്യാമാതാവ് മിനിയെയും വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി ബിനീഷിന്റെ മാതൃസഹോദരി ലില്ലിയും അമ്മാവന്റെ ഭാര്യ ശ്രീലതയും വീടിനുമുന്നിൽ കുത്തിയിരുന്നു. പിന്നീടുണ്ടായത് നാടകീയ രംഗങ്ങളാണ്.

റെനീറ്റയെയും കുഞ്ഞിനെയും കാണണമെന്ന ഇവരുടെ ആവശ്യം റെയ്ഡിന് സുരക്ഷയൊരുക്കിയ സി.ആർ.പി.എഫ് നിരാകരിച്ചു. ഇവരെത്തിച്ച ഭക്ഷണം കേന്ദ്രസേന വീട്ടിനുള്ളിലെത്തിച്ചു. കുത്തിയിരിപ്പ് സമരം ദൃശ്യമാദ്ധ്യമങ്ങൾ ലൈവാക്കിയതോടെ ചടുലനീക്കങ്ങളാണുണ്ടായത്. ഭാര്യയെയും മകളെയും പേരക്കുട്ടിയെയും അനധികൃത കസ്റ്റഡിയിലാക്കിയെന്ന് ബിനീഷിന്റെ ഭാര്യാപിതാവ് പ്രദീപ് പൂജപ്പുര പൊലീസിൽ പരാതിപ്പെട്ടു. കന്റോൺമെന്റ് അസി.കമ്മിഷണർ സുനീഷ്ബാബു സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. സിറ്റിപൊലീസ് കമ്മിഷണറുമായി സംസാരിക്കാൻ ഫോൺ നീട്ടിയെങ്കിലും വാങ്ങിയില്ല.

കുഞ്ഞിനെ തടങ്കലിലാക്കിയെന്ന് പ്രദീപ് പരാതിപ്പെട്ടയുടൻ ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ കെ.വി.മനോജ്കുമാറും അംഗങ്ങളും കുതിച്ചെത്തി. ജുഡിഷ്യൽ അധികാരമുള്ള കമ്മിഷനാണെന്ന് വ്യക്തമാക്കിയിട്ടും സി.ആർ.പി.എഫ് ഇവരെ വീട്ടിലേക്ക് കടത്തിയില്ല. ഇതോടെ ഇ.ഡിക്കും സി.ആർ.പി.എഫിനുമെതിരെ പോർവിളിയായി. നോട്ടീസ് എഴുതി നൽകാൻ കമ്മിഷനോട് കേന്ദ്രസേന ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച ഇ.ഡി റെനീറ്റയെയും കുഞ്ഞിനെയും മിനിയെയും ഗേറ്റിലെത്തി ബന്ധുക്കളെ കാണാൻ അനുവദിച്ചു.

മാദ്ധ്യമങ്ങളോട് സംസാരിക്കാനൊരുങ്ങിയ റെനീറ്റയെ സി.ആർ.പി.എഫിലെ വനിതാഉദ്യോഗസ്ഥ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി. ഇ.ഡിയുടെ റെയ്ഡിൽ തങ്ങൾക്ക് ദുരിതമാണെന്നും കുഞ്ഞിന് അസൗകര്യങ്ങളേറെയാണെന്നും മിനി കമ്മിഷനോട് പരാതിപ്പെട്ടു. വ്യാജരേഖകളിൽ ഒപ്പിടാൻ ഇ.ഡി നിർബന്ധിക്കുന്നെന്നും പറഞ്ഞു. ഇ.ഡിക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് കമ്മിഷൻ മടങ്ങി.

ഇ.ഡി ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മടങ്ങവേയാണ് പൊലീസിന്റെ നാടകീയ നടപടികൾ. ഇ.ഡി, സി.ആർ.പി.എഫ് ഉന്നതോദ്യോഗസ്ഥരുമായി ഒരുവാഹനം ഗേറ്രുകടന്നു പോയയുടനാണ് പൂജപ്പുര സി.ഐ വിൻസെന്റ് എം.എസ്.ദാസും സംഘവുമെത്തിയത്. രണ്ടാമത്തെ വാഹനം മുന്നോട്ടെടുത്തപ്പോൾ വിൻസെന്റിന്റെ കാലിൽ തട്ടി. ഇതോടെ ഇ.ഡിക്കുനേരെ കൈചൂണ്ടി കയർത്ത് സി.ഐ മുന്നോട്ടാഞ്ഞു. നാലു പൊലീസുകാർ ഇ.ഡി വാഹനത്തിനു മുന്നിൽ കയറി തടഞ്ഞിട്ടു.

26 മണിക്കൂർ റെയ്ഡിനെതിരെ പരാതിയുണ്ടെന്നും മൊഴി നൽകിയ ശേഷം പോയാൽ മതിയെന്നും സി.ഐയും എസ്.ഐ അൽത്താഫും പറഞ്ഞു. ആരൊക്കെയാണ് റെയ്ഡ് നടത്തിയത്, എവിടെയാണ് താമസിക്കുന്നത് എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചെങ്കിലും ഉദ്യോഗസ്ഥർ അനങ്ങിയില്ല. വാഹനത്തിന് പുറത്തിറങ്ങാനും തയ്യാറായില്ല. ഉന്നതോദ്യോഗസ്ഥരുമായി ആലോചിച്ച് വിവരമറിയിക്കാമെന്ന് സി.ആർ.പി.എഫ് ഇൻസ്പെക്ടർ പറഞ്ഞതോടെ പൊലീസ് പിൻവാങ്ങി.

 റെയ്ഡിൽ നിയമലംഘനമില്ല: ഇ.ഡി

ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തിയത് സെർച്ച് വാറണ്ടോടെയാണെന്നും ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നും ഇ.ഡി ബംഗളൂരു സോണൽ ഓഫീസ് പൂജപ്പുര പൊലീസിനെ അറിയിച്ചു. മഹസറിൽ ഒപ്പുവയ്ക്കാൻ വീട്ടുകാർ വിസമ്മതിച്ചു. റെയ്ഡിൽ പങ്കെടുത്ത മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ഇ.ഡി കൈമാറിയിട്ടുണ്ട്. വിശദീകരണം തേടി പൊലീസ് അയച്ച ഇ-മെയിലിന് മറുപടി നൽകുകയായിരുന്നു.