തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട നാല് പ്രധാന പ്രോജക്ടുകളുടെ പ്രവർത്തനോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ചാല വെയർഹൗസിംഗ്, മാനവീയം വീഥി, ചരിത്ര വീഥി, ട്രാഫിക് ആൻഡ് സെക്യൂരിറ്റി കമാൻഡ് കൺട്രോൾ സെന്റർ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, മേയർ കെ.ശ്രീകുമാർ,നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ട്രിഡ ചെയർമാൻ സി.ജയൻബാബു, സിറ്രി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, സ്മാർട്ട്സിറ്റി സി.ഇ.ഒ പി.ബാലകിരൺ എന്നിവർ പങ്കെടുത്തു. ചാല മാർക്കറ്റിന് ലോകോത്തരമായ വെയർഹൗസിംഗ് സൗകര്യങ്ങൾ നൽകുന്നതാണ് വെയർഹൗസിംഗ് പ്രൊജക്ട്. 19.12 കോടി രൂപ ആണ് പദ്ധതി ചെലവ്. മാനവീയം വീഥിയുടെ പുനരുദ്ധാരണം രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ഒന്നാം ഘട്ടമായി സ്മാർട്ട് റോഡ് നിർമാണവും രണ്ടാം ഘട്ടമായി സ്മാർട്ട് റോഡിനു മീതെ ഉള്ള വീഥിയുടെ പുനരുദ്ധാരണവും നടക്കും. ശ്രീചിത്ര പാർക്കിന്റെ പുനർവികസനവും, ശ്രീചിത്ര പാർക്കിനെ ചുറ്റിപ്പറ്റിയുള്ള താലൂക്ക് ഓഫീസ് റോഡിൽ 127 മീറ്റർ നീളമുള്ള ഫുഡ് സ്ട്രീറ്റിന്റെ നിർമ്മാണവും ഉൾപ്പെടുന്നതാണ് ചരിത്രവീഥി പദ്ധതി.റോഡുകളിൽ നിയമങ്ങൾ കർശനമായി പാലിക്കുന്നതിന് പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി നടപ്പാക്കിയ പദ്ധതിയാണ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി കമാൻഡ് കൺട്രോൾ സെന്റർ. 63 കോടി ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.