തിരുവനന്തപുരം: വരുമാനം വർദ്ധിപ്പിക്കാൻ സ്വകാര്യ, പൊതുമേഖല, സർക്കാർ സ്ഥാപനങ്ങൾക്ക് ബസുകൾ വാടകയ്ക്ക് നൽകാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തു നിന്ന് വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ കൊണ്ടു പോകുന്നതിനായി നാല് സ്കാനിയ ബസുകൾ വാടകയ്ക്ക് നൽകും. ശ്രീഹരിക്കോട്ടയിൽ ഏഴിന് നടക്കുന്ന പി.എസ്.എൽ.വി സി 49 എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിൽ പങ്കെടുക്കാനുള്ള ശാസ്ത്രജ്ഞരുമായി ബസുകളിൽ ഇന്ന് പുലർച്ചെ പുറപ്പെടും. ഇതുപോലെ പല സ്ഥാപനങ്ങൾക്കും ബസുകൾ വാടകയ്ക്ക് കൊടുക്കാൻ തയ്യാറാണെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.