ed-raid

തിരുവനന്തപുരം: 'ബിനീഷ് ഡോണുമല്ല, ബോസുമല്ല, തന്റെ രണ്ടുകുട്ടികളുടെ അച്ഛൻ മാത്രമാണ്. സാധാരണ മനുഷ്യനാണ്. കുറച്ച് സുഹൃത്തുക്കൾ ഉണ്ടെന്ന് മാത്രമേയുള്ളൂ.- ബിനീഷിന്റെ ഭാര്യ റിനീറ്റ കേരളകൗമുദിയോട് പറഞ്ഞു.

വീട്ടിലെ പരിശോധനയുടെ പേരിൽ ഇ.ഡി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം മാനസികമായി തളർത്തി, ഭീഷണിപ്പെടുത്തി. ചോദിച്ചതിനെല്ലാം വ്യക്തമായ മറുപടി നൽകി. തന്റെ ഇ-മെയിൽ ഐ.ഡിയും പാസ്‌വേഡും ആവശ്യപ്പെട്ടു. അതും പറഞ്ഞുകൊടുത്തു. വീട്ടിൽ ആരൊക്കെ എത്താറുണ്ടെന്നും പത്തുവർഷമായുള്ള സാമ്പത്തിക ഇടപാടുകളും ചോദിച്ചു. ഇവയ്ക്കെല്ലാം മറുപടി നൽകി.

അവർ കാണിച്ച എ.ടി.എം കാർഡിൽ മുഹമ്മദ് അനൂപിന്റെ പേരുണ്ടായിരുന്നു. ഇവിടെ നിന്നാണ് കിട്ടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാർഡ് കണ്ടിട്ടില്ലെന്നും ഇവിടെ ഇല്ലായിരുന്നെന്നും ഞാൻ പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് ഇറങ്ങാൻ പോകുന്നില്ലെന്നും രക്ഷപ്പെടണമെങ്കിൽ ഒപ്പിടണമെന്നും അവർ പറഞ്ഞു. കുടുങ്ങിയാലും സാരമില്ല, ഞാൻ ജയിലിൽ പോയാലും സാരമില്ല. ഒപ്പിടില്ലെന്ന് പറഞ്ഞു. നിങ്ങൾ കൊണ്ടുവന്നതാണെന്ന് എഴുതി ഒപ്പിടാമെന്ന് പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് അവിടത്തന്നെ നിൽക്കുമെന്ന് ഭീഷണി. ശനിയാഴ്ച വരണം എന്നുണ്ടെങ്കിൽ ഒപ്പിടണം. ബിനീഷ് പറഞ്ഞാൽ ഒപ്പിടുമോ എന്നും ചോദിച്ചു. ആരു പറഞ്ഞാലും ഒപ്പിടില്ലെന്ന് പറഞ്ഞു. ഒപ്പിടാതെ അവർ പോകില്ലെന്ന് പറഞ്ഞു. തന്നെയും കുഞ്ഞിനെയും അമ്മയ്ക്കൊപ്പം താഴത്തെ മുറിയിലാണ് ഇരുത്തിയിരുന്നത്. ഇ.ഡി ഉദ്യോഗസ്ഥരും സി.ആർ.പി.എഫും താഴെയും മുകളിലുമുണ്ടായിരുന്നു.

ഡ്രൈവർ സെയ്ഫിന്റെ ഫോൺവാങ്ങി മണിക്കൂറുകളോളം പരിശോധിച്ചു.ഇവിടെ നിന്ന് അവർക്ക് ഒരു സാധനവും കിട്ടിയിട്ടില്ല. ആകെ കിട്ടിയത് അമ്മയുടെ ഐ ഫോൺ മാത്രമാണ്. അത് കൊണ്ടുപോയി. സ്വത്ത്, സാമ്പത്തിക വിവരങ്ങൾ മെയിലായും ഹാർഡ് കോപ്പിയായും നേരത്തേ നൽകിയിരുന്നു. ബിനീഷ് ഒരു കുറ്റവും ചെയ്തിട്ടില്ല, അത് വ്യക്തമായി അറിയാം. എല്ലാം നിയമപരമായി നേരിടും- റിനീറ്റ പറഞ്ഞു.