തിരുവനന്തപുരം: പുത്തൻചന്ത, നടുക്കാട്, പനച്ചമൂട് മത്സ്യ മാർക്കറ്റുകളുടെ നവീകരണ പ്രവർത്തനങ്ങൾ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മൂന്ന് മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. വർക്കല, ചിറയിൻകീഴ് മണ്ഡലങ്ങളിലെ വിവിധ റോഡുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, വി. ജോയ്, ഐ.ബി. സതീഷ്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പുത്തൻചന്ത മാർക്കറ്റിന് 2.15 കോടി രൂപയും, നടുക്കാട് മാർക്കറ്റിന് 2.13 കോടി രൂപയും, പനച്ചമൂട് മാർക്കറ്റിന് 4.62 കോടി രൂപയും ചെലവഴിച്ചാണ് നവീകരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നവീകരണം. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ബുച്ചർ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ് സംവിധാനം, പ്രിപ്പറേഷൻ മുറി, ശുചിമുറി, ലോഡിംഗ് സംവിധാനം, ഡിസ്‌പ്ലേ ടേബിളുകൾ, സ്റ്റീൽ സിങ്കുകൾ എന്നിവ മാർക്കറ്റിലുണ്ടാകും. രണ്ട് ബ്ലോക്കുകളായാണ് രൂപകല്പന. ആധുനിക സൗകര്യങ്ങളോടെ ടോയ്ലെറ്റുകൾ, ഇന്റർലോക്കിംഗ് പാകിയ പാർക്കിംഗ്, ഫ്രീസർ, മതിയായ ഡ്രെയിനേജ് സംവിധാനങ്ങൾ, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ ചുമതല.