ed-raid-

തിരുവനന്തപുരം: സെർച്ച് വാറണ്ടുമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പൊലീസിനെയും ബാലാവകാശ കമ്മിഷനെയും മുന്നിൽനിറുത്തി നടത്തിയ നീക്കവും പ്രതിഷേധവും ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് കുരുക്കാവാനാണ് സാദ്ധ്യത. റെയ്ഡ് പൂർത്തിയാക്കാൻ ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും അനുവദിച്ചില്ലെന്ന് ബംഗളൂരു സിറ്റി സെഷൻസ് കോടതിയെ അറിയിക്കുമെന്ന് ഇ.ഡി വ്യക്തമാക്കി. ജുഡീഷ്യൽ അധികാരങ്ങളുള്ള കമ്മിഷനെയും പൊലീസിനെയും രംഗത്തിറക്കാൻ ബിനീഷിന്റെ ബന്ധുക്കൾക്ക് കഴിഞ്ഞു. ഉന്നതസ്വാധീനമുള്ള ബിനീഷിന് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാനിടയുണ്ടെന്ന് ഇ.ഡി നിലപാടെടുക്കും.

വീട് തുറക്കാൻ മാതാപിതാക്കൾക്കും രണ്ടര വയസുള്ള മകൾക്കുമൊപ്പമാണ് ബിനീഷിന്റെ ഭാര്യ വന്നത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിലുള്ളവരെ പുറത്തേക്ക് വിടാനാവില്ല. പരിശോധന നടത്തിയത് ഇ.ഡി, ആദായനികുതി ഉദ്യോഗസ്ഥർ മാത്രമാണ്. അവർക്ക് ഭക്ഷണവും വസ്ത്രങ്ങളും മരുന്നും രണ്ടുദിവസവും കൃത്യമായി എത്തിച്ചുനൽകി.

മൂത്തകുട്ടിയെ കാണണമെന്ന് ആഗ്രഹമറിയിച്ചപ്പോൾ ഒരാൾക്ക് പുറത്തുപോകാമെന്ന് ഇ.ഡി അറിയിച്ചു. ബുധനാഴ്ച രാത്രിയിൽ ഭാര്യാപിതാവ് പ്രദീപ് പുറത്തേക്ക് പോയി. ഇറക്കിവിട്ടതല്ല. പുറത്തുപോയയാളെ റെയ്ഡിനിടെ വീട്ടിൽ കടത്താനാവില്ല. ബിനീഷിന്റെ മുറിയിൽ നിന്നാണ് മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബാങ്ക് കാർഡ് കിട്ടിയത്. അവരുടെ ഡ്രൈവറുടെ സാന്നിദ്ധ്യത്തിലാണ് കാർഡ് കണ്ടെടുത്തത്. ഇത് അനൂപിന്റെ കാർഡാണെന്ന് അറിഞ്ഞതോടെ ഡ്രൈവർ കൂറുമാറി. ഇതാണ് പിന്നീട് തർക്കത്തിലേക്ക് നയിച്ചത്.

ബിനീഷും അനൂപുമായി 5.17കോടിയുടെ പണമിടപാട് മൂന്ന് ബാങ്കുകൾ വഴി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇരുപതിലേറെ അക്കൗണ്ടുകളിൽ നിന്ന് ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും അനൂപിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാൻസ്ഫറായും അക്കൗണ്ടിൽ നിക്ഷേപിച്ചും ഈ പണം ബിനീഷ് എത്തിച്ചെന്നുമാണ് കണ്ടെത്തൽ. അതിനാൽ എ.ടി.എം കാർഡ് നിർണായക തെളിവല്ല. ശക്തമായ തെളിവുള്ളപ്പോൾ വ്യാജ തെളിവുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ബിനീഷിന് നിർണായകം

 ബിനീഷിന്റെ ഭാര്യാമാതാവിന്റെ ഐഫോൺ പിടിച്ചെടുത്തതോടെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാനും റെയ്ഡുകൾക്കും ഇ.ഡിക്ക് അധികാരമുണ്ട്.

 നികുതി വെട്ടിപ്പിന് ആദായനികുതി വകുപ്പും മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാർകോട്ടിക് കൺട്രോൾ ബ്യൂറോയും കേസെടുത്തേക്കും

 ബിനീഷിന്റെ നഖം, മുടി, ചർമ്മം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ നീക്കം.

 മയക്കുമരുന്ന് കേസെടുത്താൽ ഉടനെങ്ങും ജാമ്യം കിട്ടില്ല. പത്തുവ‌ർഷത്തിലേറെ തടവുശിക്ഷ കിട്ടാവുന്ന കുറ്റം.