വിമത വിഭാഗത്തിൽ അഭിപ്രായ ഭിന്നത
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തിയ പാർട്ടിയിലെ വിമത വിഭാഗത്തിൽ അഭിപ്രായ ഭിന്നത. മലമ്പുഴയിൽ ചേർന്ന രഹസ്യ വിമതയോഗത്തിന് ശേഷം ഗ്രൂപ്പിലെ പ്രമുഖ നേതാവ് ഒരു മന്ത്രിയെയും , പാലക്കാട് ജില്ലയിലെ പ്രമുഖ സി.പി.എം നേതാവിനെയും കണ്ട് ചർച്ച നടത്തിയതാണ് മറ്റ് നേതാക്കളെ പ്രകോപിപ്പിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടിയുടെ പ്രകടനത്തെ മോശമാക്കാനുള്ള നടപടിക്ക് ആരിൽ നിന്നെങ്കിലും ഉറപ്പ് വാങ്ങിയിട്ടുണ്ടെങ്കിൽ അതിന് തങ്ങളെ കിട്ടില്ലെന്ന് മദ്ധ്യകേരളത്തിലെ ഒരു നേതാവ് കേരളകൗമുദിയോട് പറഞ്ഞു.
അതിനിടെ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ശ്രീശനും സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തുവന്നു. ശോഭാ സുരേന്ദ്രൻ, പി.എം വേലായുധൻ എന്നിവരാണ് ഇതുവരെ പരസ്യപ്രതികരണം നടത്തിയിരുന്നത്. ബി.ജെ.പി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനെതിരെ ആരോപണമുന്നയിച്ചത് വിമതർക്ക് തിരിച്ചടിയായി. ഇതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തെ സമീപിക്കാനും കഴിയാതായി. സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുണ്ടെങ്കിൽ അത് ദേശീയ സംഘടനാ ജനറൽ സെക്രട്ടറിക്കാണ് നൽകേണ്ടത്. കേന്ദ്രനേതൃത്വത്തിന് ആരും പരാതി നൽകിയിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിൽ സി.പി.എമ്മിന്റെ കൈകളുണ്ടോയെന്ന സംശയവും സംസ്ഥാന നേതൃത്വത്തിനുണ്ട്.2006ൽ പി.കെ.കൃഷ്ണദാസ് സംസ്ഥാന പ്രസിഡന്റായ സമയത്തും ശക്തമായ വിമത നീക്കമുണ്ടായിരുന്നു. വിമതർ പിന്നീട് ജനപക്ഷമെന്ന പാർട്ടി രൂപീകരിച്ചു.