pinaryi-

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ നിജസ്ഥിതി അറിയാതെ മുൻകൂറായി തനിക്ക് പ്രവചനം നടത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ബിനീഷിന്റെ തലസ്ഥാനത്തെ വീട്ടിൽ ഇന്നലെ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങളും മനുഷ്യാവകാശലംഘനം നടന്നെന്ന കുടുംബത്തിന്റെ പരാതികളും ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്, കേസിന്റെ മെരിറ്റിലേക്ക് കടക്കാതെയും അന്വേഷണ ഏജൻസിയെ തള്ളിപ്പറയാതെയുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

' ഇതൊരു അന്വേഷണ ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യമാണ്. എന്താണ് അവരുടെ കൈയിലുള്ളതെന്നറിയാതെ നമുക്കൊന്നും പറയാനാവില്ല. എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് നേരിടുന്നതിന് നിയമങ്ങളുണ്ട്. അതിനുള്ള നടപടികൾ സ്വാഭാവികമായി ആ കുടുംബം സ്വീകരിക്കും. അക്കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചൊന്നും പറയാനാവില്ല. ഒരു വ്യക്തിക്കെതിരെ ഉയർന്നുവന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണമാണിത്. സി.പി.എം നേരത്തേ തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ കുടുംബത്തിന് ചില ന്യായമായ പരാതികളുണ്ടാവാം. അതിനനുസരിച്ചുള്ള നിയമപരമായ കാര്യങ്ങളും നടന്നിട്ടുണ്ടാവാം. അത് മാത്രമായിരിക്കും സംഭവിച്ചിട്ടുണ്ടാവുക. . അന്വേഷണ ഏജൻസി വന്നതിൽ ,കുടുംബത്തിന് യോജിക്കാത്ത ചില കാര്യങ്ങളുണ്ടായി. അതിലവർക്ക് പരാതികളുമുണ്ടായി. അതാണ് നാം കാണേണ്ടത്. കുടുംബത്തിന്റെ പരാതി അതുകൊണ്ട് ഇല്ലാതാവുന്നില്ലല്ലോ- മുഖ്യമന്ത്രി പറഞ്ഞു.