തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് കേരളാ പൊലീസിന്റെ അപൂർവ നടപടി. ബിനീഷിന്റെ ഭാര്യയെയും രണ്ടരവയസുള്ള മകളെയും ഭാര്യാമാതാവിനെയും അന്യായമായി തടഞ്ഞുവച്ചെന്ന പരാതിയിൽ വിശദീകരണം തേടിയും മൊഴിയെടുക്കാനുമാണ് പൂജപ്പുര സി.ഐ വിൻസെന്റിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞത്. മൂന്ന് ഉദ്യോഗസ്ഥരും മൂന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുമാണ് വാഹനത്തിലുണ്ടായിരുന്നത്.
26 മണിക്കൂർ തടഞ്ഞുവച്ചെന്ന് പരാതിയുണ്ടെന്നും മൊഴി നൽകിയശേഷം പോയാൽമതിയെന്നും സി.ഐ പരുഷമായി പറഞ്ഞു. ഈ സമയം എസ്.ഐ അൽത്താഫും ആറ് പൊലീസുകാരും ചേർന്ന് വാഹനം തടഞ്ഞു. വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ഡ്രൈവറെ വിരട്ടി. താമസസ്ഥലത്ത് എത്തിയശേഷം വിവരങ്ങൾ അറിയിക്കാമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. മിനിറ്റുകൾ നീണ്ട തർക്കത്തിനൊടുവിൽ വാഹനത്തിന് മുന്നോട്ടുപോവാൻ പൊലീസ് തന്നെ വഴിയൊരുക്കി.
പ്രശ്നമില്ലെന്ന് ഡി.ജി.പി
നോട്ടീസ് അയച്ച് പൊലീസ്
ഇ.ഡിയുമായി ഒരു പ്രശ്‌നവുമില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ പറഞ്ഞെങ്കിലും പൂജപ്പുര പൊലീസ് വിശദീകരണം തേടി ഇ.ഡിക്ക് നോട്ടീസയച്ചു. ഇ-മെയിലിൽ അയച്ച നോട്ടീസിന് വൈകിട്ട് ഇ.ഡി മറുപടി നൽകി. വാറണ്ടുമായുള്ള റെയ്ഡിൽ യാതൊരു നിയമലംഘനവുമില്ലെന്നാണ് മറുപടി. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തി മൊഴി നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥർക്കെതിരെ ബിനീഷിന്റെ ഭാര്യാപിതാവ് പ്രദീപ് എൻഫോഴ്സ്‌മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് ഇ- മെയിലിൽ പരാതി നൽകി. മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ബലമായി പിടിച്ചുവച്ചു. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചു. തന്നെ രാത്രിയോടെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടെന്നും പ്രദീപിന്റെ പരാതിയിലുണ്ട്.
നിയമം ഇങ്ങനെ
2002ലെ പ്രിവൻഷൻ ഒഫ് മണി ലോണ്ടറിംഗ് ആക്ടിലെ സെക്ഷൻ 54പ്രകാരം പൊലീസുദ്യോഗസ്ഥരും കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരുമെല്ലാം ഇ.ഡിയുടെ അന്വേഷണത്തെ സഹായിക്കണം. സംസ്ഥാന സർക്കാരിന്റെ രജിസ്ട്രാർ, സബ് രജിസ്ട്രാർമാരുമെല്ലാം ഇ.ഡിയെ സഹായിക്കണമെന്നാണ് ചട്ടം.