പോത്തൻകോട്: ജില്ലയിലെ ടൂറിസം രംഗത്ത് പുത്തൻ ഉന്മേഷം പകർന്ന് പ്രകൃതി രമണീയമായ വെള്ളാണിക്കൽ പാറമുകൾ ഇനി ' ഗ്രീൻ ഡെസ്റ്റിനേഷൻ '. ഇടുക്കി ജില്ലയിലെ വാഗമണിൽ നടപ്പാക്കി വിജയിച്ച മാതൃകയിലാണ് ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വകുപ്പുകളെയും ഏജൻസികളെയും സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കുന്നത്. പോത്തൻകോട്, മാണിക്കൽ, മുദാക്കൽ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിൽ വരുന്ന വിനോദ സഞ്ചാര കേന്ദ്രമാണിത്. പദ്ധതിയുടെ ഭാഗമായി പാറമുകളിലെ മൂന്ന് ഏക്കറോളം വരുന്ന പ്രദേശത്ത് ഓർമ്മത്തുരുത്തും ഒരുക്കും. ഹരിതകേരള മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹായത്തോടെയാണ് ഓർമ്മത്തുരുത്ത് യാഥാർത്ഥ്യമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡുകളായ വേങ്ങോട് - വെള്ളാണിക്കൽ, വെഞ്ഞാറമൂട് - വെള്ളാണിക്കൽ, വെള്ളാണിക്കൽ - കോലിയക്കോട് തുടങ്ങിയ റോഡുകൾ പ്ലാസ്റ്റിക് രഹിതവും മാലിന്യ മുക്തവുമാക്കാനുള്ള ബൃഹത്തായ പദ്ധതികൾ നടപ്പാക്കാനാണ് ഹരിതകേരള മിഷൻ ലക്ഷ്യമിടുന്നത്.
വേണം ഗ്രീൻ കാർപ്പറ്റ് പദ്ധതി
-----------------------------------------
ചരിത്ര പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി മാറാൻ സാദ്ധ്യതയുള്ള വെള്ളാണിക്കൽ പാറമുകൾ വിനോദസഞ്ചാരകേന്ദ്രം സംസ്ഥാന ടൂറിസം വകുപ്പിന്റെ ഗ്രീൻ കാർപ്പറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഹരിത പരവതാനി ഒരുക്കി സന്ദർശകരെ ആകർഷിക്കാൻ ടൂറിസം വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഗ്രീൻ കാർപ്പറ്റ്. ടൂറിസം കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുകയും സുസ്ഥിരമായ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സാഹസിക ടൂറിസത്തിന് അനുയോജ്യം
-----------------------------------------------------------------
ജില്ലയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി വെള്ളാണിക്കൽ പാറമുകളിനെ മാറ്റുമെന്ന് സർക്കാർ മുമ്പ് പ്രഖ്യാപിച്ചിരുന്നു. സാഹസിക ടൂറിസത്തിന് അനുയോജ്യമായ സ്ഥലമാണ് ഇവിടം. യുവാക്കൾ ഏറെ ഇഷ്ടപ്പെടുന്ന സാഹസിക വിനോദ സഞ്ചാരത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയാൽ തലസ്ഥാന ടൂറിസം ഭൂപടത്തിൽ വെള്ളാണിക്കലിനും ഇടംനേടാൻ കഴിയും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കോവളം, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ സാഹസിക ടൂറിസത്തിന് ഇപ്പോൾത്തന്നെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിൽ വെള്ളാണിക്കൽ പാറമുകളിനെയും ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.
പാറമുകളിന്റെ വിസ്‌തൃതി - 23 എക്കർ
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം - 650 അടി