നാലു മാസം കൊണ്ട് ഒരു ലക്ഷം പേർക്ക് തൊഴിൽ
തിരുവനന്തപുരം: നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങളെന്ന ലക്ഷ്യം മറികടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു മാസം പിന്നിടുമ്പോൾ 61,290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഡിസംബറിനകം അമ്പതിനായിരം തൊഴിലവസരം കൂടി സൃഷ്ടിക്കും. നാലു മാസം കൊണ്ട് ഒരു ലക്ഷം പേർക്ക് തൊഴിൽ. സർക്കാർ വകുപ്പുകൾ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 19,607 പേർക്ക് തൊഴിൽ നൽകി. ഇതിൽ താത്ക്കാലിക ജീവനക്കാരും ഉൾപ്പെടും. സർക്കാരിൽ നിന്നോ ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ അടിസ്ഥാനത്തിൽ തുടങ്ങിയിട്ടുള്ള സംരംഭങ്ങളിൽ 41,683 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
സംരംഭകത്വ മേഖലയിൽ വലിയ തൊഴിൽദാതാവ് കുടുംബശ്രീയാണ്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി 19,135 പേർക്ക് തൊഴിൽ നൽകി. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത് സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിലാണ് -6965 . ജനകീയ ഹോട്ടലുകളിൽ 613 പേർക്ക്. ഹോം ഷോപ്പികളിലും വിപണന കിയോസ്‌കുകളിൽ 2620 പേർക്ക്. മൃഗസംരക്ഷണത്തിൽ 2153 പേർക്ക്. 1503 പേർക്ക് കാർഷിക മൂല്യവർദ്ധിത സംരംഭങ്ങളിലാണ്.
സംരംഭകത്വ മേഖലയിൽ 12,325 തൊഴിലുകൾ വ്യവസായ ഡയറക്ടറേറ്റ് സൃഷ്ടിച്ചു. കേന്ദ്ര ഉത്തേജക പാക്കേജിന്റെ ഭാഗമായി 1.01 ലക്ഷം പേർക്ക് 4525 കോടി അധികവായ്പയായി ലഭിച്ചതിൽ 1200 അധിക തൊഴിൽ കണക്കാക്കപ്പെടുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴിയുള്ള വ്യവസായ യൂണിറ്റുകളും കേരള എം.എസ്.എം.ഇ ഫെസിലിറ്റേഷൻ ആക്ടിനു കീഴിൽ ആരംഭിച്ച യൂണിറ്റുകളും ഉൾപ്പെടെയാണ് ഇത്രയും തൊഴിലുകൾ സൃഷ്ടിച്ചിട്ടുള്ളത്.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മുഖേന വായ്പയെടുത്ത 500 സംരംഭങ്ങളിൽ 1602 പേർക്ക് തൊഴിൽ ലഭിച്ചു. പിന്നാക്ക സമുദായ കോർപ്പറേഷന്റെ സംരംഭക വായ്പയിൽ നിന്ന് 1490, സഹകരണ സംഘങ്ങൾ നൽകിയ വായ്പയിൽ നിന്ന് 4030 പേർക്കും,മത്സ്യബന്ധന വകുപ്പിൽ നിന്നുള്ള വായ്പയുടെ അടിസ്ഥാനത്തിൽ 842 പേർക്കും തൊഴിൽ ലഭിച്ചു. പട്ടിക ജാതി പട്ടികവർഗ വികസന കോർപറേഷനുകളിലും മറ്റുമായി 782 പേർക്ക് ജോലി ലഭിച്ചു.നേരിട്ട് ജോലി നൽകിയതിൽ മുന്നിൽ സപ്ലൈകോയാണ്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൽ 7900ൽപ്പരം പേർക്ക് ഭക്ഷ്യകിറ്റുകൾ പായ്ക്കു ചെയ്യുന്നതിന് താത്കാലിക ജോലി നൽകി.