തിരുവനന്തപുരം: മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനിൽ പൂർണ വിശ്വാസമുണ്ടെന്നും, അന്വേഷണ ഏജൻസി വിളിക്കുമ്പോഴേയ്ക്കും അദ്ദേഹത്തിൽ കുറ്റം ചാർത്തിക്കളയേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണ ഏജൻസി വിളിപ്പിച്ചത് കൊണ്ട് അയാൾ അയാളല്ലാതാകുന്നില്ല. അയാൾ വളരെക്കാലമായി എനിക്ക് പരിചയമുള്ളയാളാണ്. ഞങ്ങളുടെ പാർലമെന്ററി പാർട്ടി ഓഫീസിൽ പ്രവർത്തിച്ചു. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ സർക്കാരിന് യാതൊരാശങ്കയുമില്ല. ചിലരുടെ ചില മോഹങ്ങളുടെ ഭാഗമായി ചില പ്രവചനങ്ങളും വന്നിട്ടുണ്ട്. അതിനപ്പുറം അതിലെന്തെങ്കിലും കഴമ്പുണ്ടെന്ന് കാണുന്നില്ല. അന്വേഷണ ഏജൻസികൾ ചില വിവരങ്ങളറിയാൻ വിളിപ്പിച്ചിട്ടുണ്ടാവും - മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും പദ്ധതികളും അന്വേഷിക്കാൻ ഒരന്വേഷണ ഏജൻസിയെയും ഏല്പിച്ചിട്ടില്ല. അതിന് നിയതമായ കീഴ്വഴക്കങ്ങളും ഭരണഘടനാനുസൃതമായ നടപടിക്രമങ്ങളുമുണ്ട്. അതനുസരിച്ചേ കാര്യങ്ങൾ നടക്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.