തിരുവനന്തപുരം :കൊവിഡ് രോഗികളുടെ എണ്ണത്തിൽ അടുത്തിടെ കുറവുണ്ടാകുന്നെങ്കിലും മുൻകരുതലുകളിൽ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിരവധി സ്ഥലങ്ങളിൽ ആദ്യത്തേക്കാൾ മോശമായ രീതിയിൽ വീണ്ടും രോഗം പ്രകടമായെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊവിഡ് മാറുന്നെങ്കിലും രോഗസമയത്ത് ഉടലെടുത്ത വിഷമതകൾ മരണകാരണമാകുന്നു. ചിലരിൽ രക്തം കട്ടപിടിക്കാനും ഹൃദയാഘാതത്തിനും സാദ്ധ്യതയുണ്ട്. മറ്റുചിലരിൽ ചില അവയവങ്ങളുടെ ശേഷി കുറയുന്നതും മരണത്തിന് കാരണമാകുന്നു. അവയവങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ കാരണമുണ്ടാകുന്ന അവശതകൾ ദീർഘകാലം നിലനിൽക്കുന്നു. പോസ്റ്റ്‌കൊവിഡ് സിൻഡ്രോം എന്ന അവസ്ഥ വലിയൊരു ശതമാനം ആളുകളിലുമുണ്ട്. മരണ നിരക്ക് കുറവാണെന്നു കരുതി രോഗത്തെ നിസാരവൽക്കരിക്കരുത്.
കൊവിഡ് മുക്തി നേടിയവർക്കായി എല്ലാ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 12 മുതൽ 2 വരെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കും. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും റഫറൽ ക്‌ളിനിക്കുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.