തിരുവനന്തപുരം: മരുതംകുഴിയിലെ വീട്ടിലെ റെയ്ഡിൽ ബംഗളുരു മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബാങ്ക് കാർഡ് പിടിച്ചത്, ബിനീഷിൽ നിന്ന് ലഭിച്ച വിവരത്തെതുടർന്നെന്ന് ഇ.ഡി. മുറിയിലെ അലമാരയിലെ ഡ്രായറിനുള്ളിൽ കാർഡുണ്ടെന്ന് ബംഗളുരുവിലെ ചോദ്യംചെയ്യലിൽ ബിനീഷ് വെളിപ്പെടുത്തിയെന്നാണ് ഇ.ഡി പറയുന്നത്. ഈ വിവരത്തെതുടർന്നാണ് പരിശോധനയിൽ കാർഡ് കണ്ടെടുത്തത്. 5.17കോടിയുടെ ഇടപാടുകളാണ് ബിനീഷും അനൂപും തമ്മിലുള്ളത്. മൂന്ന് ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയാണ് ഇത്രയും പണമൊഴുക്കിയത്. ഇതിലൊരു ബാങ്കിന്റെ കാർഡാണ് പിടിച്ചെടുത്തത്. കാർഡിലൂടെയുള്ള ഇടപാടുകൾ എവിടെയൊക്കെയാണ് നടത്തിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ബാങ്കിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇ.ഡി പറയുന്നു.