തിരുവനന്തപുരം: കൊവിഡ് മഹാമാരിയോടെ മുടങ്ങിയ ബഹിരാകാശ വിക്ഷേപണങ്ങൾ ഐ.എസ്.ആർ.ഒ. നാളെ പുനരാരംഭിക്കും. ശ്രീഹരിക്കോട്ടയിൽ നിന്ന് ശനിയാഴ്ച വൈകിട്ട് 3.02ന് പി.എസ്.എൽ.വി.സി-49 റോക്കറ്റ് ഇന്ത്യയുടെ ഒരു ഉപഗ്രഹവും മറ്റ് ഒൻപത് വിദേശഉപഗ്രഹങ്ങളുമായി കുതിച്ചുയരും. ഇൗ വർഷത്തെ ആദ്യവിക്ഷേപണമാണിത്. മാർച്ച് 5ന് ജി-സാറ്റ് ഉപഗ്രഹം വിക്ഷേപിക്കാൻ ഒരുങ്ങിയെങ്കിലും കൊവിഡും ലോക്ക് ഡൗണും മൂലം മാറ്റിവയ്ക്കുകയായിരുന്നു.
ഇന്ത്യയുടെ റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ് 2ബി.ആർ.2 ഉപഗ്രഹമാണ് പരിഷ്ക്കരിച്ച് ഇ.ഒ.എസ്.01 എന്ന പുതിയ ഉപഗ്രഹപരമ്പരയുടെ ഭാഗമായി നാളെ വിക്ഷേപിക്കുന്നത്.
പ്രതിരോധ ആവശ്യങ്ങളും കാർഷിക,ദുരന്തനിവാരണ ലക്ഷ്യങ്ങളുമാണ് ഇൗ ഉപഗ്രഹത്തിനുള്ളത്. ലിത്വാനിയയുടെ ഒരെണ്ണവും ലക്സംബർഗിന്റെയും അമേരിക്കയുടെയും നാല് ചെറിയ ഉപഗ്രഹങ്ങളുമാണ് വിദേശത്തുനിന്നുള്ളത്. ഇതെല്ലാം വാണിജ്യവിക്ഷേപണങ്ങളാണ്.
കൗണ്ട്ഡൗൺ ഇന്ന് ഉച്ചയ്ക്ക് 01.02ന് ശ്രീഹരിക്കോട്ടയിൽ ആരംഭിക്കും. പി. എസ്. എൽ.വിയുടെ പരിഷ്ക്കരിച്ച ഡി.എൽ. പതിപ്പാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി 24നാണ് ഇൗ റോക്കറ്റ് റെഗുലർ ഫ്ളൈറ്റിന് ഉപയോഗിച്ച് തുടങ്ങിയത്. ശക്തിയേറിയ രണ്ട് സ്ട്രാപ്പോണുകളിൽ കുതിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.
മറ്റ് രണ്ട് വിക്ഷേപണങ്ങൾ കൂടി ഉടൻ നടത്തുമെന്ന് വി.എസ്. എസ്. സി. ഡയറക്‌ടർ എസ്. സോമനാഥ് പറഞ്ഞു. ഡിസംബറിൽ പി.എസ്. എൽ.വി. സി-50 ഉപയോഗിച്ച് ജിസാറ്റ് 12ആർ ഉപഗ്രഹവും പിന്നീട് ജി.എസ്. എൽ.വി.റോക്കറ്റ് ഉപയോഗിച്ച് ജിസാറ്റ് 1 ഉപഗ്രഹവും വിക്ഷേപിക്കും. ഇൗ വർഷം മാർച്ചിൽ നടത്താനിരുന്നതാണ് ജി.എസ്. എൽ.വി. ഉപയോഗിച്ചുള്ള ജിസാറ്റ് 1 വിക്ഷേപണം. അന്ന് ഇന്ധനം നിറച്ചതിന് ശേഷമായിരുന്നു വിക്ഷേപണം മാറ്റിയത്. പരിശോധനകൾ പൂർത്തിയാക്കി വീണ്ടും ഇന്ധനം നിറച്ചതിന് ശേഷമായിരിക്കും വിക്ഷേപണത്തിന് ഉപയോഗിക്കുക.