കൊല്ലം: സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പെട്ടിഓട്ടോ ഡ്രൈവറെ മൂന്നുതവണ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പത്തേക്കർ ആലുവാക്കോളനി നിവാസി റിയാസ് (32), സുഹൃത്ത് കലയനാട് സ്വദേശി ഫയാസ് (33) എന്നിവരാണ് അറസ്റ്റിലായത്.
പുനലൂർ നേതാജിയിൽ വാടകയ്ക്ക് താമസിക്കുന്ന പെട്ടിഓട്ടോ ഡ്രൈവർ ഷാജിയെ വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പുനലൂർ സെന്റ് ഗൊരെറ്റി സ്കൂളിന് സമീപം വച്ച് റിയാസും ഫയാസും സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഷാജിയുടെ ഓട്ടോ തടഞ്ഞുനിറഉത്തി. ഇത് ചോദ്യം ചെയ്തതോടെ മദ്യലഹരിയിലായിരുന്ന പ്രതികൾ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തലയ്ക്കും മോണയ്ക്കും സാരമായി പരിക്കേറ്റ ഷാജി പുനലൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. വിവരം അറിഞ്ഞെത്തിയ പൊലീസുകാർ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വധശ്രമത്തിന് അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.