തിരുവനന്തപുരം: ബിനീഷിന്റെ കള്ളപ്പണ- ബിനാമി ഇടപാടുകൾ തേടിയുള്ള റെയ്ഡുകളിൽ നിർണായക രേഖകൾ കിട്ടിയെന്ന് ഇ.ഡി. വിശദ വിവരങ്ങൾ കോടതിയെ അറിയിക്കും.
ബിനീഷിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത, ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡാണ് പ്രധാനം. അനൂപും ബിനീഷുമായുള്ള ഉറ്റബന്ധം തെളിയിക്കുന്നതാണിത്. ബിനീഷിന്റെ ഭാര്യ റെനീറ്റ ഒപ്പു വച്ചില്ലെങ്കിലും കാർഡ് കണ്ടെത്തിയത് ഇ.ഡി മഹസർ രേഖകളിൽ ചേർത്തിട്ടുണ്ട്. ബംഗളുരുവിലെ ചോദ്യംചെയ്യലിൽ ബിനീഷാണ് കാർഡ് സൂക്ഷിച്ചുവച്ചിട്ടുള്ള സ്ഥലം വെളിപ്പെടുത്തിയതെന്നാണ് ഇ.ഡി പറയുന്നത്.
ബിനീഷിന്റെ കൂടുതൽ ബിനാമിയിടപാടുകളുടെ വിവരങ്ങൾ റെയ്ഡുകളിൽ ലഭിച്ചെന്ന് ഇ.ഡി വ്യക്തമാക്കി. ബീനിഷിന്റെ ഭാര്യയുടെ ലാപ്ടോപ്പും ഭാര്യാമാതാവിന്റെ ഐഫോണും പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. തിരുവനന്തപുരം നഗരത്തിലെ 4 ബാങ്കുകളുടെ ശാഖകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. .അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചവരുടെ കൈയൊപ്പുള്ള നിക്ഷേപ സ്ലിപ്പിന്റെ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. ബിനീഷുമായി ബിനാമി ഇടപാടുള്ള അബ്ദുൽ ലത്തീഫിന്റെ കേശവദാസപുരത്തെ കാർ പാലസ്, യു.എ.ഇ കോൺസുലേറ്റിന്റെ വിസ സ്റ്റാമ്പിംഗ് കരാറെടുത്ത യുഎഎഫ്എക്സ് സൊല്യൂഷൻസ് സ്ഥാപനങ്ങളിലൂടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കണ്ടെത്തൽ. യുഎഎഫ്എക്സ് സൊല്യൂഷൻസിന്റെ മാനേജിംഗ് പാർട്ണർമാരായ അബ്ദുൽ ലത്തീഫ്, അരുൺ വർഗീസ് എന്നിവരെ ഇഡി കസ്റ്റഡിയിലെടുക്കും. കോൺസുലേറ്റിലെ കരാർ ലഭിക്കാൻ 1.44കോടി കോഴ നൽകിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. 24.50 ലക്ഷമാണ് കോഴയായി സ്വപ്നയ്ക്ക് മാത്രം ലഭിച്ചത്.
കാർപാലസ് ഉടമ അബ്ദുൾലത്തീഫിന് ബിനീഷുമായുള്ള ബിനാമിയിടപാടുകൾ കണ്ടെത്തിയതോടെ, ഇ.ഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റമഡീസ് കമ്പനിയിൽ നിന്ന് മരുന്ന് മൊത്തവ്യാപാര, റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകൾ കിട്ടി. മറ്റൊരു ബിനാമിയായ അൽ ജസാമിന്റെ അരുവിക്കരയിലെ വസതിയിൽ നിന്നും പണമിടപാട് രേഖകൾ കിട്ടി. ഹിമാചൽ പ്രദേശ് രജിസ്ട്രേഷനിലുള്ള ആഡംബര കാറുകൾ ഇവിടെയാണ് സൂക്ഷിച്ചത്. അൽജസാമിന്റെ വൻ സാമ്പത്തി ഇടപാടുകളുടെ രേഖകൾ പിടിച്ചു. പട്ടത്തെ കെ.കെ. റോക്ക്സ് ഉടമ അരുൺവർഗ്ഗീസും ബിനീഷിന്റെ ബിനാമിയാണെന്നും ക്വാറിയിടപാടിന്റെ രേഖകൾ കിട്ടിയെന്നും ഇ.ഡി വ്യക്തമാക്കി.