6

തിരുവനന്തപുരം:അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തതോടെ ദളിത് വിഭാഗത്തിലെ പൊതുസമ്മതരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ.

നിലവിൽ മലയിൻകീഴ് ഡിവിഷനാണ് പട്ടികജാതി (ജനറൽ) വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളത്. ആര്യനാട്, മര്യാപുരം ഡിവിഷനുകൾ പട്ടികജാതി വനിതയ്ക്കാണ് സംവരണം. പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒരാളിനെ ഉയർത്തിക്കാട്ടിയാകും മുന്നണികൾ രംഗത്തിറങ്ങുക. എന്നാൽ പ്രസിഡന്റ് സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ ഇതേ സമുദായത്തിലെ മറ്റൊരാളെ പ്രസിഡന്റാക്കാൻ ഒന്നിലധികം പട്ടികജാതി വിഭാഗത്തിലുള്ള സ്ഥാനാർത്ഥികളെ ജനറൽ സീറ്റിലടക്കം മത്സരിപ്പിക്കാനും തീരുമാനമുണ്ട്. ജയിച്ചുവരുന്നവരിൽ നിന്നും ഒരാളെ സാദ്ധ്യതയനുസരിച്ച് പ്രസിഡന്റാക്കാനാണ് മുന്നണികൾ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിലടക്കം എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥി പരാജയപ്പെട്ടുപോയത് പാഠമാക്കിയാകും തിരഞ്ഞെടുപ്പിനെ മുന്നണികൾ നേരിടുക.

മുൻ ജില്ലാ പഞ്ചായത്ത് അംഗവും വിളപ്പിൽ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.ഡി.സുരേഷ്‌കുമാറാണ് നിലവിൽ പട്ടികജാതി സംവരണ വാർഡിലേക്ക് സി.പി.എം തീരുമാനിച്ചിട്ടുള്ളത്.പ്രസിഡന്റ് പദവി എസ്.സി വിഭാഗത്തിന് സംവരണം ചെയ്തതോടെ സുരേഷ് കുമാറിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാലോ എന്ന ആലോചന സി.പി.എമ്മിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരെ ജനറൽ സീറ്റിൽ നിറുത്താനും ആലോചനയുണ്ട്. നിലവിലെ ദളിത് ജില്ലാ പഞ്ചായത്ത് അംഗം വെഞ്ഞാറമൂട് ശോഭനനെയും വീണ്ടും മത്സരിപ്പിക്കാൻ സാദ്ധ്യതയുണ്ട്.

യു.ഡി.എഫിൽ ദളിത് കോൺഗ്രസ് നേതാക്കളെയാണ് പ്രസിഡന്റ് പദവിക്കായി പരിഗണിക്കുന്നത്. ഇവിടെയും മൂന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കള്ളിക്കാട് ശശി, ഡി.സി.സി ജനറൽ സെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരൻ, ആര്യനാട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുന്ദരം തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിൽ. ഒന്നിലധികം പേർ മത്സര രംഗത്തുണ്ടാകും.
പ്രസിഡന്റ് സ്ഥാനാർത്ഥിയായി ബി.ജെ.പി ആരെയും ഉയർത്തിക്കാട്ടാൻ ആലോചിക്കുന്നില്ലെന്നാണ് കേൾക്കുന്നത്. എന്നാൽ പരമാവധി സീറ്റുകളിൽ ജയിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു മുന്നണികളിലും മറ്റു ഡിവിഷനുകളിൽ സ്ഥാനാർത്ഥിനിർണയം പൂർണമായിട്ടില്ല. ചിലയിടങ്ങളിൽ മാത്രമാണ് ധാരണയായിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടുകൂടിയേ പൂർണ ചിത്രം പുറത്തുവരൂ.