തിരുവനന്തപുരം: സി.പി.ഐ കൊല്ലം ജില്ലാ ഘടകത്തിലെ ചേരിപ്പോരുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ മുൻ എം.എൽ.എ പി.എസ്. സുപാലിനെ മൂന്ന് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ഇന്നലെ ഓൺലൈനായി ചേർന്ന പാർട്ടി സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള മറ്രൊരു സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രനെ പരസ്യമായി താക്കീത് ചെയ്യും.
കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് കൊട്ടാരക്കരയിൽ ചേർന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ കൈയാങ്കളിയോളമെത്തിയ തർക്കത്തിന്റെ പേരിലാണ് അച്ചടക്കനടപടി. പാർട്ടിയുടെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയെന്ന ഉത്തരവാദപ്പെട്ട ചുമതലയിലിരുന്ന് നടത്തിയ തെറ്റിന് ഗൗരവം കൂടുതലാണെന്നും അച്ചടക്കനടപടി ഒരു സന്ദേശമാണെന്നുമാണ് സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ച സംഘടനാറിപ്പോർട്ടിൽ പറയുന്നത്.
സംസ്ഥാന കൗൺസിൽ യോഗത്തിൽ സുപാൽ ഇന്നലെ പങ്കെടുത്തില്ല. സുപാലിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തെ കൗൺസിലിൽ ഭൂരിഭാഗവും എതിർത്തതായാണ് വിവരം.
ജില്ലാ സെക്രട്ടറിമാരിൽ പാലക്കാട്, മലപ്പുറം ഒഴിച്ചുള്ള ജില്ലാ സെക്രട്ടറിമാരും സുപാൽ എ.ഐ.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെ സെക്രട്ടറിയായിരുന്ന മന്ത്രി വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ളവരും നടപടിയെ എതിർത്തതായി അറിയുന്നു.
കൊല്ലം ജില്ലയിലെ സി.പി.ഐക്കകത്ത് സുപാൽ- രാജേന്ദ്രൻ ചേരിപ്പോര് ഏറെനാളായി തുടരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനായി അറിയപ്പെടുന്നയാളാണ് ആർ. രാജേന്ദ്രൻ. കഴിഞ്ഞ കൊല്ലം പാർട്ടി കോൺഗ്രസിൽ ജില്ലാ സെക്രട്ടറിയായിരുന്ന എൻ. അനിരുദ്ധൻ ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പകരം സെക്രട്ടറിയെ നിശ്ചയിക്കുന്നതിനെ ചൊല്ലി പോര് രൂക്ഷമായി. സംസ്ഥാന സെന്ററിന്റെ നിർദ്ദേശപ്രകാരം ആർ. രാജേന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കത്തെ ജില്ലാ എക്സിക്യൂട്ടീവിലും കൗൺസിലിലും ഭൂരിഭാഗവും എതിർത്തു. പിന്നീട് മുല്ലക്കര രത്നാകരന് സെക്രട്ടറിയുടെ താൽക്കാലികചുമതല നൽകി. മുല്ലക്കര ഹൃദയശസ്ത്രക്രിയയുടെ ഭാഗമായി അവധിയെടുത്തപ്പോൾ പകരം കെ.ആർ. ചന്ദ്രമോഹനായി ചുമതല.