ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ നിർമ്മാണജോലികൾ പൂർത്തിയാവാൻ ഇനി ദിവസങ്ങൾ മാത്രം. രണ്ടാംഘട്ടമായി പ്രാവച്ചമ്പലം –കൊടിനട പാത ജനുവരി ആദ്യവാരത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് കരമന-മുതൽ പ്രാവച്ചമ്പലം വരെയുള്ള ഭാഗത്തെ നിർമ്മാണം പൂർത്തീകരിച്ചത്. ഇപ്പോഴത്തെ സർക്കാർ അധികാരത്തിലേറെ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് നഷ്ടപരിഹാരമടക്കം പൂർത്തിയാക്കിയെങ്കിലും നിർമ്മാണക്കമ്പനി പിന്മാറിയതോടെ ദേശീയപാതാ വികസനം വീണ്ടും അനിശ്ചിതത്വത്തിലാവുകയായിരുന്നു.
കൂടുതൽ തുക അനുവദിക്കണമെന്ന കരാർ കമ്പനിയുടെ ആവശ്യം സർക്കാർ നിരാകരിച്ചതായിരുന്നു ഇതിന് കാരണം. ദേശീയപാത ആക്ഷൻ കൗൺസിലിന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സമരങ്ങളും പ്രതിഷേധങ്ങളും സർക്കാരിന് തലവേദന സൃഷ്ടിച്ചു. എന്നാൽ യു.എൽ.സി.എസ് കരാർ ഏറ്റെടുത്തതോടെ സമരങ്ങൾ കെട്ടടങ്ങി നിർമ്മാണം വീണ്ടും ആരംഭിക്കുകയായിരുന്നു. കൊവിഡ് വെല്ലുവിളിയായതോടെ കഴിഞ്ഞ സെപ്തംബറിൽ പൂർത്തിയാകേണ്ട പാതവികസനം വീണ്ടും നീണ്ടു. ഇതിനാണ് വീണ്ടും വേഗത കൈവന്നത്.
കാര്യങ്ങൾ ഇങ്ങനെ
പള്ളിച്ചൽ തോട് മുതൽ ബാലരാമപുരം കൊടിനടവരെയുള്ള നാലുവരിപ്പാതയിൽ ഗതാഗതം ആരംഭിച്ചിട്ടുണ്ട്. പ്രാവച്ചമ്പലം രാജപാത ഉൾപ്പെടെ 800 മീറ്റർ പരിധിയിലാണ് ഇനി ടാറിംഗ് പൂർത്തീകരിക്കാനുള്ളത്. രാജപാതയിലെ ഓട നിർമ്മാണം പൂർത്തിയായാലുടൻ ടാറിംഗ് ആരംഭിക്കുമെന്നാണ് യു.എൽ.സി.എസ് അറിയിച്ചിരിക്കുന്നത്. പള്ളിച്ചൽ തോടിന് സമീപം റോഡിന്റെ വലതുഭാഗം ഇന്നലെ ഗതാഗതത്തിനായി തുറന്നു നൽകി. മെറ്റലിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയതോടെ ഇവിടത്തെ ഗതാഗത പ്രതിസന്ധിക്കും താത്കാലിക പരിഹാരമായി. പ്രാവച്ചമ്പലം രാജപാതയിൽ 400 മീറ്റർ ഭാഗത്തെ ഓടയുടെ നിർമ്മാണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുന്നതോടെ ടാറിംഗിന് മുന്നോടിയായിട്ടുള്ള മെറ്റലിംഗ് നടത്തും. പ്രാവച്ചമ്പലം മുതൽ മുടവൂർപ്പാറ വരെ റോഡിന് കുറുകെ മീഡിയനുകൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായി.
"ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രാവച്ചമ്പലം മുതൽ കൊടിനട വരെ നാലുവരി ഗതാഗതം ദിവസങ്ങൾക്കുള്ളിൽ പുനഃസ്ഥാപിക്കും. നിലവിൽ ഒരു ഭാഗത്തു കൂടി നാലുവരി ഗതാഗതം ആരംഭിച്ചിട്ടുണ്ട്. രാജപാതയിൽ ഓടയുടെ നിർമ്മാണം തീർന്നാലുടൻ ടാറിംഗ് ആരംഭിക്കും. നിലവിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്ന പള്ളിച്ചൽ തോടിന് സമീപം മെറ്റലിംഗ് നടത്തിയ ഭാഗത്ത് നിന്ന് വാഹനഗതാഗതത്തിന് അനുമതി നൽകിയിട്ടുണ്ട്. മഴ മാറിയാൽ 10 ദിവസത്തിനകം പള്ളിച്ചൽ തോട് മുതൽപ്രാവച്ചമ്പലം വരെ ടാറിംഗ് ജോലികൾ പൂർത്തീകരിക്കും."
ശ്രീനാഥ്, ദേശീയപാത വിഭാഗം അസി.എൻജിനീയർ