തിരുവനന്തപുരം : കഴക്കൂട്ടം - കോവളം ദേശീയ പാതയിൽ പുതിയ ട്രാഫിക് ലൈൻ സംവിധാനം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കഴക്കൂട്ടം മുതൽ കോവളം വരെയുള്ള ദേശീയപാതയുടെ മദ്ധ്യത്തിൽ മീഡിയൻ നിർമ്മിച്ച്‌ റോഡ് രണ്ട് ട്രാക്കായി തിരിച്ച് നാലുവരി ഗതാഗത സംവിധാനമാണ് നിലവിലുള്ളത്. അതിൽ മീഡിയനോട്‌ ചേർന്നുള്ള വലതു ട്രാക്ക് ഓവർടേക്കിംഗിന് മാത്രമായി ഉപയോഗിക്കുന്നതിനാണ് ലെയിൻ ട്രാഫിക് സംവിധാനം ഒരുക്കിയത്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പൊതുഗതാഗത സംവിധാനങ്ങൾ പരിമിതമായതിനാൽ കൂടുതൽ ആളുകൾ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനാൽ ദൈനംദിനം വാഹനങ്ങളുടെ എണ്ണവും അപകടങ്ങളുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.