തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്‌ത് യുവതിയ പീഡിപ്പിച്ച കേസിൽ വക്കീൽ അറസ്റ്റിൽ. ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം റോസ് ഗാർഡൻസ് കൃഷ്‌ണകൃപയിൽ മുരളീകൃഷ്ണനെയാണ് (45) മെഡിക്കൽ കോളേജ്‌ പൊലീസ് പിടികൂടിയത്. കുമാരപുരത്ത്‌ നടത്തുന്ന ജോബ് കൺസൾട്ടൻസിയുടെ മറവിലായിരുന്നു പീഡനം. പുളിയറക്കോണം സ്വദേശിയായ യുവതിയെ ജോലി വാഗ്‌ദാനം ചെയ്‌ത് ഇന്റർവ്യൂവിനായി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. യുവതിയുടെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ്‌ പൊലീസ്‌ കേസെടുത്തു. പിന്നീട് അന്വേഷണം കഴക്കൂട്ടം അസ്സിസ്റ്റന്റ് കമ്മീഷണർ ഏറ്റെടുക്കുകയായിരുന്നു. ഡി.സി.പി ഡോ. ദിവ്യ.വി. ഗോപിനാഥിന്റെ നിർദ്ദേശാനുസരണം കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ അനിൽ കുമാർ, മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒമാരായ രഞ്ജിത്, അനിൽ കുമാർ, സി.പി.ഒ പ്രതാപൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.