കൊച്ചി: ആർദ്രം മിഷന്റെ ഭാഗമായി ജില്ലയിൽ ആറു കുടുംബാരോഗ്യ കേന്ദ്രങ്ങളെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറുന്നതോടെ വൈകിട്ട് ആറ് വരെ ഒ.പി ഉൾപ്പടെ സേവനങ്ങൾ രോഗികൾക്ക് ലഭിക്കും.
മൂന്ന് ഡോക്ടർമാരുടെ സേവനം, മികച്ച സൗകര്യങ്ങളോടു കൂടിയ ലാബ്, ഇമ്മ്യൂണൈസേഷൻ മുറികൾ, കാത്തിരുപ്പു സ്ഥലങ്ങൾ, മുലയൂട്ടൽ കേന്ദ്രം എന്നിവയും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സജ്ജമാക്കി.
ജില്ലയിലെ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു.
കീഴ്‌മാട്, ചിറ്റാറ്റുകര, ബിനാനിപുരം എന്നി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും തൃക്കാക്കര, തമ്മനം, മൂലംകുഴി എന്നീ നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയുമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.
തൃപ്പൂണിത്തുറ നഗര പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കഴിഞ്ഞ ആഗസ്റ്റിൽ നഗരകുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റിയിരുന്നു. ചമ്പക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വികസനപ്രവൃത്തികൾ നടന്നുവരുകയാണ്.
ചിറ്റാറ്റുകരയിൽ 39.25 ലക്ഷം രൂപ
39.25 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് വടക്കൻ പറവൂർ ചിറ്റാറ്റുകര കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തിയത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പദ്ധതിയിൽപ്പെടുത്തി 14 ലക്ഷം രൂപയും പ്രളയത്തിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ 12 ലക്ഷം രൂപയും സ്‌പോൺസർഷിപ്പിലൂടെ 13.25 ലക്ഷം രൂപയുമാണ് ഉപയോഗിച്ചത്. വ്യവസായികളുടെ സംഘടനയായ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസാണ് തുക നൽകിയത്.
കീഴ്‌മാടിൽ 24 ലക്ഷം രൂപ
ദേശീയ ആരോഗ്യദൗത്യം അനുവദിച്ച 14 ലക്ഷം രൂപയ്ക്ക് പുറമെ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് ആലുവ കീഴ്‌മാട് പ്രാഥമികാരോഗ്യകേന്ദ്രം നവീകരിച്ചത്. ദേശീയ ആരോഗ്യദൗത്യം അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ചാണ് ആലുവ ബിനാനിപുരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ നടത്തിയത്.
തൃക്കാക്കരയ്ക്ക് ദേശീയനിലവാരം
7.80 ലക്ഷം രൂപ ചെലവഴിച്ചാണ് തൃക്കാക്കര നഗരാരോഗ്യകേന്ദ്രത്തിന്റെ നവീകരണം. കഴിഞ്ഞ വർഷം കേരള അക്രഡിറ്റേഷൻ സ്റ്റാന്റേഡ് ഫോർ ഹോസ്പിറ്റൽസും നഗരപ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കുള്ള നാഷണൽ ക്വാളിറ്റി സ്റ്റാൻഡേഡ്സും തൃക്കാക്കരക്ക് ലഭിച്ചിട്ടുണ്ട്.
9.63 ലക്ഷം രൂപ ചെലവിലാണ് എറണാകുളം തമ്മനം നഗരപ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണം.
5.94 ലക്ഷം രൂപ ചെലവഴിച്ചാണ് മൂലംകുഴി നഗരകുടുംബാരോഗ്യകേന്ദ്രം നവീകരിച്ചത്.