ഓയൂർ: വാപ്പാലയിൽ യുവതിയായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഭർത്താവ് കസ്റ്റഡിയിൽ. കൊട്ടാരക്കര, കരിക്കം അഭിലാഷ് ഭവനിൽ ജോർജ്കുട്ടിയുടെ മകളും വാപ്പാല പള്ളിമേലതിൽ അരുണിന്റെ ഭാര്യ ആശയാണ് (27) മരിച്ചത്. ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് അരുണിനെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് ജോർജ്കുട്ടി പറയുന്നത്: ആരുണും ആശയും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലോടെ ആശയുടെ മൂത്തമകൾ തന്നെ ഫോണിൽ വിളിച്ചു. ആശയെ ആട് പാറപ്പുറത്തേക്ക് ഇടിച്ചുവീഴ്ത്തിയെന്നും വലിയ വേദന ഉണ്ടെന്നും പറഞ്ഞു. ജോർജ് കുട്ടി നിർദ്ദേശിച്ച പ്രകാരം ഭർത്താവ് അരുണുമൊത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പോയി. അവിടങ്ങളിൽ ആട് ഇടിച്ചെന്നാണ് പറഞ്ഞത്.
ഇൻജക്ഷനും മരുന്നും നൽകി മടക്കി അയച്ചു. വേദന കുറവില്ലാത്തതിനാൽ ജോർജ് കുട്ടി പറഞ്ഞ പ്രകാരം ആശ കരിക്കത്തെ വീട്ടിലേക്കെത്തി. അവിടെ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പോയി. സ‌്കാനിംഗ് സൗകര്യം ഇല്ലാത്തതിനാൽ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. അവിടെ കൊവിഡ് ചികിത്സ മാത്രമായതിനാൽ മിയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്ന് രാത്രി തന്നെ വേദനയുള്ള വയറിന്റെ ഭാഗത്ത് ശസ്ത്രക്രിയ നടത്തി. അരുണും മറ്റൊരു ബന്ധുവായ സ്ത്രീയുമാണ് കൂട്ടുനിന്നത്. ഇന്നലെ രാവിലെ ആശയുടെ നില ഗുരുതരമാണെന്നും അറിയിക്കേണ്ടവരെ അറിയിക്കാനും അരുൺ വിളിച്ച് പറഞ്ഞു. അങ്ങനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. കൊട്ടാരക്കരയിലെ ആശുപത്രിയിൽ വച്ച് ആട് ചവിട്ടിയതല്ലെന്ന് ആശ തന്നോട് പറഞ്ഞെന്നും ജോർജ്ജ് കുട്ടി പറയുന്നു. കൊട്ടാരക്കര മൈലത്തുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഇതേ സംശയം പ്രകടിപ്പിച്ചിരുന്നു.
ജോർജുകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിൽ മരണകാരണമായ ആന്തരിക പരിക്ക് എന്തെന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.