arun

തിരുവനന്തപുരം: കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ നിയമപ്രകാരം പലപ്രാവശ്യം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള പറട്ട അരുൺ എന്ന അരുൺ (34) പൊലീസ് പിടിയിലായി. പുത്തൻപാലം സ്വദേശിയായ രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് അരുണിനെ പേട്ട പൊലീസ് അറസ്റ്റുചെയ്‌തത്. പ്രതി രണ്ടാഴ്ച മുമ്പ് രാജേഷിന്റെ സഹോദരനെ ദേഹോപദ്രവം ഏല്പിച്ചിരുന്നു. ഇതിന് രാജേഷ് പകരംചോദിക്കാൻ വരുമെന്ന കാരണത്താലാണ് വധശ്രമം നടത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. നഗരത്തിൽ പല സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ മുപ്പതോളം കേസുകളിലെ പ്രതിയാണ് അരുൺ. ഇയാളെ വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി ഡോ. ദിവ്യ.വി.ഗോപിനാഥ് അറിയിച്ചു. പേട്ട എസ്.എച്ച്.ഒ ഗിരിലാൽ, എസ്.ഐ രതീഷ്, എ.എസ്.ഐ സജു, സി.പി.ഒമാരായ ഉദയൻ, രഞ്ജിത്, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് ഒളിത്താവളത്തിൽ നിന്നും പ്രതിയെ പിടികൂടിയത്.