തിരുവനന്തപുരം: തമ്പാനൂർ വാർഡിലെ സ്ഥാനാർത്ഥി നിർണയത്തിനായി ചേർന്ന കോൺഗ്രസ് തമ്പാനൂർ മണ്ഡലം കമ്മറ്റി യോഗത്തിൽ തമ്മിലടി. മണ്ഡലം പ്രസിഡന്റ് പി.കെ. വിജയകുമാറിനും ബ്ലോക്ക് പ്രസിഡന്റ് പരമേശ്വരൻ നായർക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് തമ്പാനൂർ ഐ.എൻ.ടി.യു.സി ഓഫീസിൽ നടന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു സംഭവം. ജില്ലാകമ്മിറ്റി നിർദ്ദേശപ്രകാരം സ്ഥാനാർത്ഥിയാകാൻ യോഗ്യരായവരുടെ പട്ടിക തയ്യാറാക്കുന്നതിനാണ് യോഗം ചേർന്നത്. ഈ യോഗത്തിലേക്ക് സെക്രട്ടേറിയറ്റ് മേഖലയിലുള്ള ചിലരെത്തി മണ്ഡലം പ്രസിഡന്റിനെ മർദ്ദിച്ചെന്നാണ് പരാതി. ബോധരഹിതനായ ഇദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നൽകിയ ശേഷം പാർട്ടി നിർദ്ദേശ പ്രകാരം പൊലീസിൽ പരാതി നൽകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് തമ്പാനൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.