മാഹി: ആഭരണങ്ങളിലെ കൊത്തുപണികളൊക്കെ നിമിഷങ്ങൾക്കകം കാൻവാസിൽ പകർത്താൻ ഈ രേഖാ ചിത്രകാരിക്ക് കഴിയും. തഞ്ചാവൂർ സ്റ്രൈലിലെ കരകൗശല വേലകളെ അനുസ്മരിപ്പിക്കുന്ന രചനാരീതിയാണ് പലതിനും. മയ്യഴിയുടെ പ്രകൃതി ലാവണ്യവും ആസൂത്രിത നഗരിയായ പുതുച്ചേരിയുടെ നാഗരികതയും പ്രകടമാക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ഈ പെൺകുട്ടി വരച്ചുകൂട്ടിയിട്ടുണ്ട്.
കണ്ണാടിയിൽ മുഖം നോക്കുന്ന പെൺകുട്ടിയും ഭൂഗോളത്തെ ഗ്രസിച്ച കൊവിഡ് വൈറസും ടാപ്പിൽ നിന്ന് ഇറ്റി വീഴുന്ന ജലകണികയും കണ്ണീരിൽ തെളിയുന്ന സ്വന്തം ജീവിതത്തിന്റെ ലവണാംശവും പുറംതോടിനുള്ളിലേക്ക് ഉൾവലിയുന്ന ആമയും മൊബൈലിൽ ജീവിക്കുന്ന പൂർണ്ണ ഗർഭിണിയും മൊബൈലുമായി പിറവിയെടുക്കുന്ന കുഞ്ഞുമെല്ലാം വർത്തമാന കാല സാമൂഹ്യ സാഹചര്യങ്ങളോട് ശക്തമായി സംവദിക്കുന്നതാണ്.
അഞ്ച് വയസ് മുതൽ വരച്ചു തുടങ്ങിയ പ്രിയയ്ക്ക് പ്ലസ് ടു പഠന കാലം വരെ പുരസ്‌ക്കാരങ്ങൾ ലഭിച്ചിരുന്നു. ബി.എ.എം.എസ് പരീക്ഷ ജയിച്ച് ജനുവരി മാസത്തോടെ ഹൗസ് സർജൻസിയും പൂർത്തിയാക്കുകയാണ്. മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയും പുതുച്ചേരി സ്വദേശിനിയുമാണ് എ. പ്രിയ.
പുതുച്ചേരിയിലെ ഉൾനാടൻ ഗ്രാമമായ അയ്യൻകുടി പാളയത്തെ നിർദ്ധന തൊഴിലാളി കുടുംബത്തിൽ ജനിച്ച പ്രിയ മെറിറ്റിലാണ് ബി.എ.എം.എസ് പഠനത്തിനായി അഞ്ച് വർഷം മുൻപ് മയ്യഴിയിലെത്തിയത്. കൂലിവേലക്കാരനായ അച്ഛൻ മുനിസ്വാമിക്ക് കൊവിഡ് കാലമായതോടെ തൊഴിലില്ലാതായി. അമ്മ സുജാതയാകട്ടെ തുച്ഛമായ വേതനത്തിൽ മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇളയ സഹോദരൻ ബി.എസ്.സി. വിദ്യാർത്ഥിയാണ്. ജീവിതം വഴിമുട്ടിയതോടെ പ്രിയക്ക് മുന്നിൽ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. സ്‌കൂൾ പഠനകാലത്ത് തനിക്ക് ഒട്ടേറെ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ച ചിത്രകലയിൽ അഭയം തേടുക. തന്റെ ചിത്രങ്ങൾ ആരെങ്കിലും വാങ്ങുകയാണെങ്കിൽ, ദുരിതമനുഭവിക്കുന്ന രക്ഷിതാക്കളെ ചെറുതായെങ്കിലും സഹായിക്കാനാകുമായിരുന്നെന്ന് പ്രതീക്ഷയുടെ കണ്ണുകളുമായി പ്രിയ പറഞ്ഞു.